തിരുവനന്തപുരം: തേനും വയമ്പും നുണഞ്ഞ്, ആർപ്പോ വിളികളോടെ കേരളത്തിലെ ഒരേയൊരു മലയാളം പള്ളിക്കൂടത്തിലേക്ക് കുരുന്നുകൾ എത്തി. തൈയ്ക്കാട് ഗവ. മോഡൽ എൽ.പി സ്കൂളിൽ ഇന്നലെ നടന്ന പ്രവേശനോത്സവം കണ്ടുനിന്നവർക്കും കൗതുകമായി. 'മലയാളം പഠിക്കാൻ സാധിക്കാത്ത കുട്ടികളാണ് ഇവിടെയെത്തുന്നത്. അതിനാൽ അവർക്കത് പഠിക്കാനുള്ള ഉത്സാഹം സൃഷ്ടിക്കാനാണ് വ്യത്യസ്ത രീതിയിൽ കുരുന്നുകളെ വരവേൽക്കുന്നത്.'പള്ളിക്കൂടത്തിന്റെ സ്ഥാപകരിൽ ഒരാളും സെക്രട്ടറിയുമായ ജെസി നാരായണൻ പറഞ്ഞു. പള്ളിക്കൂടത്തിന്റെ അദ്ധ്യക്ഷൻ ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിയാണ് കുട്ടികൾക്ക് തേനും വയമ്പും നൽകിയത്. ഫ്ലാറ്റിൽ വളർന്ന കുട്ടികളിൽ പലരും ആദ്യമായാണ് വയമ്പ് കാണുന്നത്. 2014ൽ പ്രവർത്തനം ആരംഭിച്ച പള്ളിക്കൂടത്തിന്റെ പത്താമത് അദ്ധ്യയനവ‌ർഷമാണ് ഇന്നലെ ആരംഭിച്ചത്. 30ലേറെ കുട്ടികൾ പുതുതായി ചേർന്നു. എ.എ.റഹീം എം.പിയുടെ മകൻ ഗുൽമോഹർ, കവി ഒ.എൻ.വി കുറുപ്പിന്റെ ചെറുമകൾ അപർണ രാജീവിന്റെ മകൻ ഗൗതം എന്നിവരും ഇക്കൂട്ടത്തിലുണ്ട്. മണലിൽ അക്ഷരമാല എഴുതുന്നതാണ് ആദ്യപാഠം. വയലിൽ കൊയ്യാനും ബസിന്റെ ബോർഡ് വായിക്കാനും പഠിപ്പിക്കും. പത്തുവർഷം മുമ്പ് മകൾ ആർച്ചയുടെ ആഗ്രഹത്തിലാണ് ജെസിയും ഭർത്താവ് ഗോപി നാരായണനും 'അന്യോന്യം' എന്ന കൂട്ടായ്മയിലെ മാദ്ധ്യമപ്രവർത്തകരും ചേർന്ന് പള്ളിക്കൂടം ആരംഭിക്കുന്നത്. ഞായറാഴ്ച രാവിലെ 10 മുതൽ 1 വരെയാണ് ക്ലാസ്. ഒരു ബാച്ചിൽ 100 കുട്ടികൾ. അഞ്ച് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ഗുരുക്കന്മാർക്ക് നൽകുന്ന ദക്ഷിണയല്ലാതെ മറ്റ് ഫീസുകൾ വാങ്ങാറില്ല. പ്രവേശനോത്സവ ചടങ്ങിൽ പള്ളിക്കൂടത്തിന്റെ സ്ഥാപകൻ ഗോപി നാരായണൻ, പ്രധാനാദ്ധ്യാപകൻ വട്ടപ്പറമ്പിൽ പീതാംബരൻ തുടങ്ങിയവർ പങ്കെടുത്തു.