1

വിഴിഞ്ഞം: ചൊവ്വരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 5 പേരാണ് കാറിലുണ്ടായിരുന്നത്. തിരുവനന്തപുരം പ്രശാന്ത് നഗർ സ്വദേശി സുരേഷ് കുമാറിന്റെ കാറാണ് കത്തിയത്. ചപ്പാത്തിന് സമീപത്ത് വച്ച് മറ്റ് വാഹന യാത്രക്കാരാണ് കാറിന്റെ അടി ഭാഗത്തുനിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻ വാഹനം നിറുത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. നാട്ടുകാർ തീ അണച്ചു. വിഴിഞ്ഞം ഫയർ ഫോഴ്സും സ്ഥലത്തെത്തി. കാറിന്റെ മുൻവശവും എൻജിൻ ഭാഗവും പൂർണമായും നശിച്ചു. ഫയർഫോഴ്സ് ഗ്രേഡ് എ.എസ്.ടി.ഒ അലി അക്ബർ, ഓഫീസർമാരായ സതീഷ്, രാജേഷ്, ഷിജു, സന്തോഷ്, മധുസൂദനൻ, സുരേഷ്, ഹോം ഗാർഡ് സുനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.