
തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്പോൾ ഫലങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ ആശങ്കപ്പെടുത്തുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. രാഷ്ട്രീയ ജനതാദൾ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാർ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സിറ്റ് പോൾ പൂർണമായും ശരിയായിട്ടില്ല. രാജ്യത്തിന്റെ ഗതിയെ കുറിച്ച് അപകടകരമായ സൂചനയാണ് പുറത്തുവന്ന എക്‌സിറ്റ്പോളുകളിലുള്ളത്. പണാധിപത്യം കാര്യങ്ങൾ നിയന്ത്രിക്കുന്ന സ്ഥിതി വന്നാൽ ജനാധിപത്യം അപകടത്തിലാകും. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചും ചരിത്രത്തെ വളച്ചൊടിച്ചും പുതുതലമുറയെ വഴിതെറ്റിക്കുന്നവർ രാജ്യത്തെ വീണ്ടും നയിക്കുന്ന അവസ്ഥ ദയനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവി പ്രഭാവർമ്മ, ചാരുപാറ രവി തുടങ്ങിയവർ സംസാരിച്ചു.