തിരുവനന്തപുരം: മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച സാഹചര്യത്തിൽ റേഷൻ കടകൾ വഴി ആറു മാസത്തിലൊരിക്കൽ മണ്ണെണ്ണ വിതരണം ചെയ്യാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കേരളം കേന്ദ്ര ഭക്ഷ്യവകുപ്പിന് കത്തെഴുതി.
വിഹിതം വെട്ടിക്കുറച്ചതിനെ തുടർച്ച് മുൻഗണനാ വിഭാഗത്തിന് മൂന്ന് മാസത്തിലൊരിക്കൽ കാൽ ലിറ്റർ മണ്ണെണ്ണ മാത്രമെ ലഭിക്കൂ. കൈകാര്യച്ചെലവ് കൂടുമെന്ന കാരണം പറഞ്ഞ് മണ്ണെണ്ണ വിതരണം ചെയ്യില്ലെന്ന് റേഷൻ വ്യാപാരികളുടെ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു. അവർ പുതിയ സ്റ്റോക്കും എടുത്തില്ല.
നേരത്തെ, മണ്ണെണ്ണ വിതരണം തിരഞ്ഞെടുത്ത റേഷൻ കടകൾ മുഖേനയാക്കാൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ അത് മറ്റ് റേഷൻകടകളിലെ വ്യാപാരത്തെ ബാധിക്കുമെന്ന് റേഷൻ വ്യാപാരികൾ പരാതിപ്പെട്ടിരുന്നു. പോർട്ടബിൾ സംവിധാനം ഉള്ളതിനാൽ മണ്ണെണ്ണ വാങ്ങുന്ന കടകളിൽ നിന്ന് അരിയും മറ്റ് സാധനങ്ങളും കൂടി
വാങ്ങും.
ജൂണിൽ അവസാനിക്കുന്ന ത്രൈമാസത്തിലെ മണ്ണെണ്ണ വിതരണം ഇന്നു മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചതോടെ വ്യാപാരികൾ വെട്ടിലായി. മഞ്ഞ കാർഡിന് 1 ലിറ്ററും പിങ്ക് കാർഡിന് അര ലിറ്ററുമാണ് ലഭിക്കുക . സ്റ്റോക്കെടുക്കാത്തതു കാരണം പതിവുപോലെ വിതരണം നടത്താനാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. നിലവിൽ ശേഷിക്കുന്ന മണ്ണെണ്ണ എല്ലാവർക്കും നൽകാൻ തികയില്ല. മണ്ണെണ്ണ വാങ്ങാൻ എത്തുന്നവർ റേഷൻകടക്കാരോട് തട്ടിക്കയറുന്ന സാഹചര്യമാണുള്ളത്. അതേ സമയം സ്റ്റോക്കെടുക്കരുതെന്ന ഒരു നിർദേശവും കടക്കാർക്ക് നൽകിയിട്ടില്ലെന്നും. വിതരണം ചെയ്യേണ്ടത് കടമയാണെന്നും ഭക്ഷ്യവകുപ്പ് അധികൃതർ പറഞ്ഞു.