
പോത്തൻകോട്: ബൈക്കിലെത്തി മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ സാഹസികമായി പിടികൂടി യുവതി. ഇന്നലെ വൈകിട്ട് 5ന് ചേങ്കോട്ടുകോണം ജംഗ്ഷനിലാണ് സംഭവം. കാട്ടായിക്കോണം പേരുത്തല ശ്രീജേഷ് ഹൗസിൽ അശ്വതിയുടെ (30) മാലയാണ് പൊട്ടിച്ചെടുത്തത്. വെമ്പായത്ത് സ്ഥിരതാമസമായ ചന്ദവിള സ്വദേശി അനിൽകുമാറിനെയാണ് (40) യുവതി നാട്ടുകാരുടെ സഹായത്തോടെ പിടികൂടി കഴക്കൂട്ടം പൊലീസിന് കൈമാറിയത്.
ചേങ്കോട്ടുകോണം ജംഗ്ഷനിലെ സ്വകാര്യ ആശുപത്രിയിൽ പോയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ബൈക്കിലെത്തിയ അനിൽകുമാർ അശ്വതിയുടെ കഴുത്തിലുണ്ടായിരുന്ന 3 പവന്റെ മാല പൊട്ടിച്ചെടുത്ത ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതി ഇയാളെ വട്ടം ചുറ്റി പിടിച്ച് ഉച്ചത്തിൽ നിലവിളിച്ചു. ഇതിനിടെ പൊട്ടിച്ചെടുത്ത മാല അനിൽകുമാർ വായിലാക്കി. തുടർന്ന് യുവതിയെ താഴേക്ക് തള്ളിയിട്ട ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് റോഡിൽ തെന്നി വീണ് ഇയാളുടെ തലയ്ക്ക് പരിക്കേറ്റു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ മോഷ്ടാവിനെ പിടികൂടി കഴക്കൂട്ടം പൊലീസിന് കൈമാറുകയായിരുന്നു. ഇയാളുടെ ബൈക്ക് വഞ്ചിയൂരിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.