art-work

ജർമ്മൻ ഭാഷയിൽ ചാൻസലർ എന്ന പദത്തിന് ഭരണത്തലവൻ അഥവാ സെക്രട്ടറി എന്നാണ് അർത്ഥം. എന്നാൽ അക്കാഡമിക ലോകത്തും സർക്കാരിലെ ശ്രേണീകൃത ലോകത്തും ഇന്നിത് വലിയ അധികാരങ്ങളുള്ള ആലങ്കാരിക പദവിയായി ഒട്ടൊക്കെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. പൊതു സേവനത്തിലെ 27 വർഷത്തിൽ ഏഴുവർഷവും വൈസ് ചാൻസലർ പദവിയിൽ പ്രവർത്തിച്ച പരിചയത്തിൽ പറയട്ടെ, അന്തർദേശീയ തലത്തിലെ മികച്ച സർവകലാശാലകളിലെ വൈസ് ചാൻസലർ പദവിയുമായി നമ്മുടെ വൈസ് ചാൻസലർമാരുടെ ജോലിക്ക് സത്യത്തിൽ ഒരു ബന്ധവുമില്ല! തൊണ്ണൂറു ശതമാനം സമയവും സാധാരണഗതിയിൽ കെൽപ്പുള്ള ഒരു സെക്ഷൻ ഓഫീസറും ഇലക്ട്രീഷ്യനും പ്ളംബറും സിവിൽ എൻജിനിയറും കൂടി ചെയ്തുതീർക്കേണ്ട ചുമതലകൾ മാത്രമേ വൈസ് ചാൻസലർമാർക്ക് ഇന്ന് നിർവഹിക്കാനുള്ളൂ!

വിദ്യാർത്ഥി സംഖ്യ, ഗവേഷണ പ്രസാധനം, സർവകലാശാലാ റാങ്കിംഗ്- റേറ്റിംഗ് എന്നിവയിലൊക്കെ സർവകലാശാലയെ ശാക്തീകരിക്കുന്നതിലേറെ, സർവകലാശാലാ സമൂഹത്തിന്റെ നല്ലൊരു ഭാഗം തന്നെ ഒരുവക ദൈനംദിന ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥനായി മാത്രമാണ് വി.സിയെ കാണുന്നത്. ഇന്നിപ്പോൾ സംസ്ഥാനത്തെ ഭൂരിപക്ഷം പൊതു സർവകലാശാലകൾക്കും മുഴുവൻ സമയ വി.സിമാരില്ല. ഈ സ്ഥിതി കുറെനാൾ തുടരാനും ഇടയുണ്ട്. സർവകലാശാലകളുടെ സമഗ്രമായ പ്ളാനിംഗിനും ഭാവിക്കും ഈ സ്ഥിതി നല്ലതുമല്ല. രാജ്യത്തെയും വിദേശത്തെയും മുൻനിര സർവകലാശാലകളോടൊപ്പം ഓടിയെത്താനുള്ള സംസ്ഥാന സർവകലാശാലകളുടെ പ്രയത്നം ഈ സന്നിഗ്ദ്ധാവസ്ഥ കാരണം ശക്തിപ്പെടുകയില്ല.

സാഹചര്യം മറിച്ചായാലും സർവകലാശാലയുടെ പൊതുദിശ, വി.സി നയിക്കുന്ന ടീമാണ് നിർണയിക്കുന്നത് എന്നതാണ്. സർവകലാശാലയിൽ ഓഫീസർ പദവിയുള്ള ഏതാണ്ടെല്ലാവരെയും നിയമിക്കുന്നതിലും നീക്കുന്നതിലും വി.സിക്ക് ഒരു റോൾ ഉണ്ട്. മിനിസ്റ്റീരിയൽ റാങ്കുകളിൽ ചിലതൊഴികെ, മുഴുവൻ വ്യക്തിഗത ഫയലുകളും വി.സി പരിഗണിക്കേണ്ടതായും വരും. തത്പരനായ ഒരു ചീഫ് എക്സിക്യുട്ടീവിന് വലിയ സംഭാവനകൾ നൽകാൻ സാധിക്കുന്ന, സമഗ്രമായി വിഭാവന ചെയ്യപ്പെട്ടിരിക്കുന്ന ഒരു പദവിയാണത്. എന്നാൽ അത് പ്രയോജനപ്പെടുത്തേണ്ട മുതിർന്ന ഗവേഷക വിദ്യാർത്ഥികളും പരമ്പരാഗത അദ്ധ്യാപക സമൂഹം പോലും അതിനെ സമീപിക്കുന്ന രീതി ഒട്ടൊക്കെ നിരാശപ്പെടുത്തിയിട്ടേയുള്ളൂ. ചില നുറുങ്ങുകൾ ഓർത്തെടുക്കാം.

 

വയനാട്ടിൽ, പൂക്കോട്ടെ വെറ്ററിനറി സർവകലാശാലയുടെ ശ്രമകരമായ സ്ഥാപനകാലം. 500- 600 കോടി രൂപ ചെലവുവരുന്ന ഒന്നാംഘട്ട വികസന പദ്ധതികൾ ചർച്ചയ്ക്കെടുത്ത് വിശദമായ ഫിസിക്കൽ പ്ളാനുകളും അക്കാഡമിക പരിപാടിയും ആവിഷ്കരിക്കേണ്ട സമയം. ആദ്യവർഷങ്ങളിൽ പല കാര്യങ്ങൾക്കായി വന്നെത്തുന്ന വിദ്യാർത്ഥികളും മുതിർന്ന അദ്ധ്യാപകരും ഒരേ സ്വരത്തിൽ വി.സിയുടെ മുന്നിൽ അവതരിപ്പിക്കാൻ മത്സരിച്ചത് ക്യാമ്പസിലെ ടോയ്‌ലറ്റ് സൗകര്യത്തിന്റെ കൊടിയ അഭാവമായിരുന്നു. മണ്ണുത്തിയിലേത് പ്രശസ്തമായ ഒരു വെറ്ററിനറി കോളേജെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമായിരുന്നു വലിയ പ്രശ്നം. പെൺകുട്ടികൾക്ക് ആ വലിയ കലാലയ മന്ദിരത്തിലുള്ളത് ആകെ ഒരു ടോയ്‌ലറ്റ് മാത്രം.

മാറിമാറി വന്ന പണ്ഡിത പ്രതിഭകളായ, ഭരണ പരിചയക്കുറവുള്ള ഡീന്മാർ, കേടാകുന്ന ടോയ്‌ലറ്റുകൾ വലിയ താഴിട്ടുപൂട്ടി സർവകലാശാലയ്ക്ക് അറ്റകുറ്റപ്പണിക്കായി നിവേദനം മാത്രം നൽകിപ്പോന്നു. കുറച്ചുകാലം ഇത്തരം ചെറുകിട 'പ്ളമ്പിംഗ്- സാനിറ്ററി എൻജിനിയറിംഗ്" ജോലികൾ ഞാൻ തന്നെ ഏറ്റെടുക്കുമായിരുന്നു. പിന്നീട് ഫാക്കൽറ്റി അതൊരു സൗകര്യമായി കണ്ട് ടോയ്ലറ്റ് ബ്ളോക്കായാൽ ഉടൻ വി.സി ഓഫീസിൽ വരാൻ തുടങ്ങി: 'സർ, ടോയ്‌ലെറ്റ് ബ്ളോക്കാണ്: മൂത്രപ്പുര സ്റ്റിങ്കിംഗ്..."

ഒരു പ്ളംബറെ വിളിച്ച് ബ്ളോക്ക് മാറ്റുക എന്ന് ഒരിക്കൽ ഒരു പ്രൊഫസറോടു പറഞ്ഞത് മഹാപരാധമായി. സത്യത്തിൽ മൃഗവൈദ്യം പഠിപ്പിച്ചു വന്ന് ഓർക്കാപ്പുറത്ത് സർവകലാശാല ഒക്കെയായി മാറിയപ്പോൾ അവർ ന്യായമായി അവരുടെ ടോയ്‌ലറ്റ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു ഓഫീസായാണ് വി.സി ഓഫീസിനെ കണ്ടിരുന്നത്. വയറിന്റെ പ്രശ്നം പരിഹരിച്ചിട്ട് മറ്റുകാര്യം എന്നായിരുന്നു നല്ലൊരു പങ്കിന്റെയും ആപ്തവാക്യം. പൊതുസമൂഹത്തിനും നേതൃത്വത്തിനു പോലും വി.സിയുടെ ധിഷണയ്ക്കോ വീക്ഷണത്തിനോ സ്ഥാപനത്തിന്റെയും സമൂഹത്തിന്റെയും മുന്നോട്ടുപോക്കിലോ കേരളത്തിൽ പൊതുവിൽ വലിയ താത്പര്യമില്ലെന്നു മനസിലായി. ഇതര വി.സിമാരുമായി സംസാരിച്ചപ്പോൾ ഇത് ഒറ്റപ്പെട്ട അനുഭവമല്ലെന്നും പിടികിട്ടി.

 

ഒരിക്കൽ ഡോ. കസ്തൂരിരംഗന്റെ അദ്ധ്യക്ഷതയിൽ കേന്ദ്ര പ്ളാനിംഗ് കമ്മിഷനിൽ അടുത്ത അഞ്ചുവർഷം ശാസ്ത്ര സർവകലാശാലകൾ ഏറ്റെടുക്കേണ്ട അജൻഡ സംബന്ധിച്ച് ഒരു ഉന്നതതല യോഗം സംഘടിപ്പിച്ചു. മൃഗശാസ്ത്ര- കാർഷിക മേഖലയെക്കുറിച്ച് ആശയങ്ങൾ നൽകാൻ എന്നോടാണ് പറഞ്ഞിരുന്നത്. യോഗം ഡൽഹിയിൽ പുരോഗമിച്ചുകൊണ്ടിരുന്ന നേരമത്രയും ഫോണിൽ തൃശൂരിൽ നിന്ന് ഒരു ജനപ്രതിനിധി വിളിയോടുവിളി. എന്തോ അത്യാവശ്യമായിരിക്കുമെന്നു കരുതി പുറത്തിറങ്ങി തിരികെ വിളിച്ചു. ആകെ പുകിലായി.

ജ.പ്ര: ഹലോ വി.സി, ഞാൻ വിളിച്ചതേ... മണ്ണുത്തി ഡെയറി പ്ളാന്റിൽ ആളെ എടുക്കുന്നുണ്ടോ?

ഞാൻ: എനിക്കറിയില്ല, ചോദിച്ചു നോക്കാം. ലേബർ റിക്രൂട്ട്മെന്റൊന്നും വി.സി തലത്തിൽ പരിശോധിക്കാറില്ല.

ജ.പ്ര: നിങ്ങൾക്കറിയില്ല? നിങ്ങൾ എന്തു വി.സിയാണ് ഹേ! ഡെയറി പ്ളാന്റിൽ താത്കാലിക ലേബർ എടുത്തുകൊണ്ടിരിക്യാ. ആ മൊശകൊടൻ പ്ളാന്റ് മാനേജർ ഞാൻ പേരുകൊടുത്തവരെ എടുക്കുന്നില്ല. നിങ്ങൾ ഉടൻ ഇടപെടണം.

(അത്തരം ഇടപെടൽ നടത്താറില്ലെന്ന് പറഞ്ഞത് ആൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല).

ജ.പ്ര: താനൊക്കെ എന്ത് വൈസ് ചാൻസലറാണ്; വേസ്റ്റ്!

ആക്രമണോത്സുകത കാട്ടിയപ്പോൾ ഞാൻ ഫോൺ കട്ട് ചെയ്തു. എങ്കിലും എന്താണ് പ്ളാന്റിലുണ്ടായ ഭൂകമ്പമെന്ന് വകുപ്പ് മേധാവിയോട് വൈകിട്ട് തിരക്കാതിരുന്നില്ല. ഡെയറി പ്ളാന്റിലെ മലത്തെക്കാൾ ദുർഗന്ധമുള്ള ഈച്ചയാർക്കുന്ന സ്ളഡ്ജ് എന്ന വിഷദ്രാവകം ടാങ്കിൽ നിന്ന് കാലാകാലം നീക്കണം. സ്ഥിരം തൊഴിലാളികൾ അതിനു തയ്യാറല്ല. അതുകൊണ്ട് കഷ്ടപ്പെട്ട് അന്യസംസ്ഥാനക്കാരായ രണ്ടാളെ മാനേജർ തെരഞ്ഞുപിടിച്ച് കൊണ്ടുവന്നു. അവർ രണ്ടുദിവസം ടാങ്ക് ക്ളീൻ ചെയ്യുന്നതാണ് പ്രശ്നം!

ജനപ്രതിനിധിയുടെ ആൾക്കാർ ക്ളീൻ ചെയ്യുമെങ്കിൽ അവരെത്തന്നെ എടുത്തോ; എന്തിന് ടിയാന് നീരസം സൃഷ്ടിക്കുന്നു എന്ന് ഞാൻ. അപ്പോഴാണ് കഥയുടെ ഗുട്ടൻസ്. ക്ളീനിംഗ് അന്യസംസ്ഥാനക്കാർ തന്നെ ചെയ്യണം! അത് സ്ഥിരനിയമനം കാത്തിരിക്കുന്ന പ്രതിനിധിയുടെ ശിങ്കിടികളുടെ കാഷ്വൽ ലേബർ കണക്കിൽപ്പെടുത്തണം. ഇതിലൊന്നും ഒരു അദ്ഭുതവുമില്ല; നീരസവും. നമ്മുടെ നാട് ഇങ്ങനെയൊക്കെയാണ്. എന്നാൽ പ്രൊഫ. കസ്തൂരിരംഗന്റെ മുന്നിൽ ക്ഷണിക്കപ്പെട്ട് വ്യാപൃതനാകേണ്ട നേരം നമ്മുടെ നാട്ടിലെ വി.സി കൈകാര്യം ചെയ്യുന്നത് സ്ളഡ്ജ് ടാങ്ക് വൃത്തിയാക്കേണ്ടതാര് എന്ന അതിഗഹനമായ ചോദ്യമാണ്! പദവിയെ മാത്രമല്ല, പദവീഗൃഹീതനെയും തടഞ്ഞുവച്ച് കാര്യം നേടാൻ നമുക്കൊരു മടിയുമില്ല. ആവശ്യക്കാരന് ഔചിത്യം വേണ്ട എന്ന പഴമൊഴി അന്വർത്ഥം!

 

കാർഷിക സർവകലാശാലയുടെ ചുമതല താത്കാലികമായി വന്നപ്പോൾ നമ്മൾ പുതു ദേശീയ വിദ്യാഭ്യാസ നയവും ചതുർവർഷ ഓണേഴ്സ് പരിപാടിയും ഒക്കെയായി ഓണറബിളയായ ഒരു കാലയളവിൽ പ്രവേശിച്ചുകാണും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ സർവകലാശാലയുടെ ഭാവിയിലും പരിപാടിയിലുമല്ല,​ പരിസര ശുചീകരണത്തിലും മെസ് നടത്തിപ്പിലെ ഗുണത്തിലും അളവിലും ഒക്കെയാണ് അവരുടെയും അഭിപ്രായത്തിൽ വി.സി ഓഫീസിന് സദാ ശ്രദ്ധയുണ്ടാകേണ്ടത്. അക്കാഡമിക് നിലവാരം, സർവകലാശാലയുടെ റാങ്കിംഗ് ബ്രാൻഡിംഗ്, സർവകലാശാല ഗവേഷണത്തിലും ട്രാൻസിലേഷൻ റിസർച്ചിലും നിർവഹിക്കേണ്ട നേതൃപരമായ പങ്ക് ഇതൊന്നും പലർക്കും നിത്യേന വിഷയീഭവിക്കുന്നില്ല.

വളരെപണ്ട്; ശരാശരിക്കാരായ അപേക്ഷകരെ ഒഴിവാക്കാൻ തിരുവിതാംകൂർ സർവകലാശാല, പ്രിൻസ്റ്റനിലെ ഏതോ ഒരു പ്രൊഫ. ആൽബർട്ട് ഐൻസ്റ്റിന്റെ സേവനം വി.സിയായി കിട്ടുമോ എന്നു ചോദിച്ചത്രെ! ആ കസേരയിൽ താനൊക്കെയാണ് ഇപ്പോൾ എന്ന് വ്യംഗ്യം പറഞ്ഞ അദ്ധ്യാപകനോട് ഞാൻ കഴിഞ്ഞദിവസം ചോദിച്ചു. 'ഐൻസ്റ്റീൻ ഒരുവേള ആ പദവി സ്വീകരിച്ചിരുന്നുവെങ്കിൽ ഒരാഴ്ച തികച്ച് തിരുവിതാംകൂർ സർവകലാശാലയെ നയിക്കുമായിരുന്നോ? ഒന്നാമത് ടിയാന് ജർമ്മനും കുറച്ച് ഇംഗ്ളീഷുമേ അറിവുള്ളൂ. നിങ്ങൾ തമ്മിൽ ഏതു ഭാഷയിൽ പേച്ചും? പിന്നെ മൂപ്പർ തിയറിറ്റിക്കൽ ഫിസിക്സിൽ ഒരു ക്വയർ പേപ്പറുമായി ഇരുന്ന് പകലന്തിയോളം കുത്തിക്കുറിക്കുകയുള്ളൂ. വൈകി അല്പം നടക്കാൻ പോകും. അത്താഴ സമയത്ത് വയലിൻ വിദഗ്ദ്ധമായി വായിക്കും. ചിലപ്പോൾ സർവകലാശാലയിൽ നിന്ന് വീട്ടിലേക്കുള്ള വഴിതന്നെ ആൾ മറന്നുപോകും."

ഒരിക്കൽ വഴികുഴഞ്ഞ് ഒരു വീട്ടിൽ തെറ്റിക്കയറിയ ഐൻസ്റ്റിനോട് ആളെ അറിയാതെ പ്രിൻസ്റ്റനിലെ ഒരു വീട്ടമ്മ,​ 'ഐൻസ്റ്റിനിനെ വിളിച്ചു തിരക്കിക്കൂടേ" എന്നു ചോദിച്ചു. 'പ്രശ്നം ഞാൻ തന്നെയാണ്- ഐൻസ്റ്റിൻ" എന്നായിരുന്നു മറുപടി. മറവിക്കാരനായ ഈ വിശ്വപ്രതിഭയുടെ മുന്നിലാണ് കോളേജ് ബസ് പഞ്ചറായി, കക്കൂസ് ലൈൻ ബ്ളോക്കായി, മെസിൽ കോഴിക്കാലിന് അടിപിടി, ഇൻക്വിലാബ് സിന്ദാബാദ്, ഐൻസ്റ്റിൻ മൂരാച്ചീ.... നിന്നെ പിന്നെ കണ്ടോളാം എന്നൊക്കെ നമ്മുടെ സർവകലാശാലയിലെ വിപ്ളവകാരികൾ ചെന്നു ബുദ്ധിമുട്ടിക്കാൻ പോകുന്നത്!

അദ്ധ്യാപകനോട് ഞാൻ പറഞ്ഞു: താങ്കൾക്കൊക്കെ ഞാൻ പോലും വളരെ അധികമാണ്. നമുക്ക് ഐൻസ്റ്റിനെ ഉപദ്രവിച്ച് അയാളിലെ ശാസ്ത്രജ്ഞനെ നശിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിഞ്ഞല്ലോ എന്ന്. മറുപടിയുണ്ടായില്ല. ആ വിധം ആ വിധിവൈപരീത്യത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടാവില്ല. ഏറ്റവും ഒടുവിൽ ഇത്തരം നിവേദക സംഘങ്ങളോട് അന്നേന്ദ്രിയത്തിന്റെ ഏത് അറ്റമാണ് താങ്കളെ ഇന്നു ശല്യം ചെയ്യുന്നത് എന്നാണ് മുഖവുരയില്ലാതെ ഞാൻ ചോദിച്ചുപോന്നിരുന്നത്.

പ്രശ്നം,​ നമ്മുടെ സർവകലാശാലകളിൽ ചിന്തയും (ആലോചന എന്ന അർത്ഥത്തിൽ!) സ്വതന്ത്രബുദ്ധിയും ഏറെ മരവിച്ചുപോയി എന്നതുതന്നെയാണ്. സർവകലാശാലാ സമൂഹം കേവലം അന്നകാംക്ഷികളായ ആൾക്കൂട്ടങ്ങളായി മാറിപ്പോയി. ഐൻസ്റ്റീനുപോലും എളുപ്പം കഴിയുന്നതല്ല അന്നേന്ദ്രിയത്തിന്റെ രണ്ടറ്റങ്ങളെ സംബന്ധിച്ചുള്ള വ്യാകുലതകൾ മാറാത്ത ഉന്നത കലാലയത്തെ സാർവദേശീയമായി മത്സരാക്ഷമമാക്കുക എന്നത്. ഒടുവിലത്തെ ഒരവസരമാണ് ദേശീയമായി മുന്നേറാൻ ഇന്ന് പൊതു സർവകലാശാലകളുടെ മുന്നിലുള്ളത് എന്നു തോന്നുന്നു. ഏറ്റവും വേഗം സർവകലാശാലകൾക്ക് നേതൃത്വപരമായ തുടർച്ചയും സീനിയർ അക്കാഡമിക് എക്സിക്യുട്ടിവ് ടീമും ഉണ്ടായില്ലെങ്കിൽ പ്രതിസന്ധിയാവും ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടർന്നുണ്ടാവുക.

(അഭിപ്രായം വ്യക്തിപരം)