
ആറ്റിങ്ങൽ: ചിരിച്ചും കരഞ്ഞും ചിണുങ്ങിയും കുരുന്നുകൾ പുതിയ അദ്ധ്യയന വർഷത്തെ വരവേറ്റു. പുത്തനുടുപ്പും ബാഗും കുടയും വാട്ടർ ബോട്ടിലുമായെത്തിയ കുരുന്നുകൾക്ക് സ്കൂളിലേക്ക് പ്രവേശിക്കാൻ തെല്ലൊരു അങ്കലാപ്പുണ്ടായിരുന്നെങ്കിലും പിന്നീട് കഥ മാറി. അലങ്കാരങ്ങളും കൊടിതോരണങ്ങളും അദ്ധ്യാപകരുടെ സമ്മാനപ്പൊതികളും മധുരവുമെല്ലാം അവരെ കൂടുതൽ ആവേശത്തിലാഴ്ത്തി. ആദ്യ ബെൽ മുഴങ്ങിയപ്പോൾ ക്ലാസിൽ ടീച്ചറും ആയയും മാത്രം. പുതിയ മുഖങ്ങൾ പരസ്പരം നോക്കി, ചിലർ ചിരിച്ചു. ചിലർ വിങ്ങിപ്പൊട്ടി. പ്രശ്നങ്ങൾക്ക് വിരാമമായത് ഉച്ചയോടെ. നാളെ കാണാമെന്ന ഉറപ്പിന്മേലാണ് എല്ലാവരും പിന്നീട് സ്കൂൾ വിട്ടിറങ്ങിയത്.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ, മുത്തുക്കുടകളേന്തി വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ഘോഷയാത്രയോടെയാണ് പുതിയ കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർമാരായ ആർ.എസ്.അനൂപ്, കെ.പി.രാജഗോപാലൻ പോറ്റി, എസ്.ഗിരിജ, പി.ടി.എ പ്രസിഡന്റ് ജി.ആർ.ജിബി,സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ.നിമി, സ്കൂൾ എസ്.എം.സി ചെയർമാൻ ആർ.ചിത്രകുമാർ, അദ്ധ്യാപകരായ എൻ.സാബു, ജയിംസ്, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ തുടങ്ങിയവർ പങ്കെടുത്തു.
ആലംകോട് ഗവ. എൽ.പി.എസിന്റെ പ്രവേശനോത്സവം മുനിസിപ്പൽ വൈസ് ചെയർമാൻ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ നാസിമിന്റെ അദ്ധ്യക്ഷതയിൽ നവാഗതരെ സ്വീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജാം, സ്കൂൾ വികസന സമിതി കൺവീനർ നസീർ, നിജാസ് മുഹമ്മദ്, വഹാബ്, സുലൈമാൻ, കരാട്ടെ നാസർ, ഹെഡ്മിസ്ട്രസ് റീജാ സത്യൻ, സ്റ്റാഫ് സെക്രട്ടറി ഷംന തുടങ്ങിയവർ പങ്കെടുത്തു.
വഞ്ചിയൂർ ഗവൺമെന്റ് യു.പി സ്കൂൾ അങ്കണത്തിൽ നടന്ന പ്രവേശനോത്സവം കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതിക, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീർ രാജകുമാരി, സി.ആർ.സി കോഓർഡിനേറ്റർ ഷീബ ശിവൻ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ ഇന്നലെ ഉത്സവലഹരിയിലായിരുന്നു. മുതിർന്ന കുട്ടികളും അദ്ധ്യാപകരും ചേർന്ന് 600 ഓളം നവാഗതരെ സ്കൂളിലേക്ക് വരവേറ്റു. എ ഐ ടീച്ചർ ഐറിസിന്റെ ആശംസകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ കൗതുകമായി. സ്കൂൾ അങ്കണത്തിൽ നടന്ന പ്രവേശനോത്സവം മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റും സ്കൂൾ ചെയർമാനുമായ എ.നഹാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്.സഞ്ജീവ്, എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.എസ് ബിജോയ്, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ മീര, എച്ച്.എസ്.എസ് വൈസ് പ്രിൻസിപ്പൽ ഡി.എസ്.ബിന്ദു, കെ.ജി വൈസ് പ്രിൻസിപ്പൽ ഗിരിജ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.