gra

ആര്യനാട്: വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ജില്ലാതല സ്കൂൾ പ്രവേശനോത്സവം മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ മേഖലയിൽ ശക്തമായ ഇടപെടലുകളാണ് ഇടതുസർക്കാർ കഴിഞ്ഞ എട്ട് വർഷമായി ചെയ്തുക്കൊണ്ടിരിക്കുന്നത്. ആരോഗ്യ മേഖലയ്ക്ക് നൽകുന്ന അതേ പ്രാധാന്യമാണ് വിദ്യാഭ്യാസ മേഖലയ്ക്കും സർക്കാർ നൽകുന്നത്. മുമ്പ് പത്താം ക്ലാസ് പരീക്ഷാഫലം വരുമ്പോൾ ഒരു കുട്ടിയും ജയിക്കാത്ത സർക്കാർ സ്കൂളുകളുടെ ലിസ്റ്റ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കുമായിരുന്നു. ഇന്ന് സ്ഥിതിമാറി. 100ശതമാനം വിജയം നേടിയ ഗവ. സ്കൂളുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാനേ പത്രങ്ങളിൽ സ്ഥലമുള്ളൂ. സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ, അടിസ്ഥാന വികസനം എന്നിവയിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണെന്നും പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന് അദ്ധ്യാപകർ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ, വൈസ് പ്രസിഡന്റ് റീനാ സുന്ദരം, ജില്ലാ പഞ്ചായത്തംഗം എ.മിനി, ബ്ലോക്ക് പഞ്ചായത്തംഗം പറണ്ടോട് ഷാജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമ പഞ്ചായത്തംഗം അയിത്തി അശോകൻ, എ.ഇ.ഒ ബിനു, കുമാരി ഗംഗ, പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, ഹെഡ്മിസ്ട്രസ് വി.എസ്.ഷീജ, പി.ടി.എ പ്രസിഡന്റ് ഡി.ഷാജി, പി.ടി.എ- എസ്.എം.സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഒന്നാം ക്ലാസിലെ നവാഗതർക്കുള്ള പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയവരെ ആദരിക്കലും മന്ത്രി നിർവഹിച്ചു.