toddy

തിരുവനന്തപുരം: ബാറുകളെ പോലെ ഷാപ്പുകൾക്കും സ്റ്റാർ ക്ളാസിഫിക്കേഷൻ നിശ്ചയിക്കാനുള്ള മാതൃക തയ്യാറായി.

മൂന്ന് സെന്റ് , അഞ്ച് സെന്റ്, 50 സെന്റ് എന്നിങ്ങനെ വ്യത്യസ്ത സ്ഥലവിസ്തൃതിയിൽ സ്ഥാപിക്കാവുന്ന മാതൃകയാണ് തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കെ.ടി.ഡി.സി ആയിരിക്കും ക്ളാസിഫിക്കേഷൻ നടത്തുക. ഷാപ്പുടമകളുടെ ദീർഘകാലമായുള്ള ആവശ്യമാണിത്.

ആർക്കിടെക്റ്റ് ശങ്കർ (ഹാബിറ്റാറ്റ്) തയ്യാറാക്കിയ മാതൃക എക്സൈസ് വകുപ്പിന് കൈമാറി. സ്റ്റാർ പദവിയുടെ അടിസ്ഥാനത്തിൽ ദൂരപരിധി നിശ്ചയിക്കും. ഷാപ്പിലെ ഭക്ഷണ ശാലയിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയും വിധമാണ് രൂപ കല്പന. കള്ള് വിതരണം ചെയ്യുന്ന സ്ഥലം വേറിട്ടുനിൽക്കും. 50 സെന്റുള്ള ഷാപ്പിന്റെ വളപ്പിൽ കുടിലുകളും സ്ഥാപിക്കാം. ചുറ്റുമതിൽ നിർബന്ധമായിരിക്കും. പാർക്കിംഗ് ഏരിയയും ഉണ്ടാവും. നിലവിൽ ഷാപ്പുകെട്ടിടത്തിന് പുറത്ത് കള്ള് വിൽക്കാൻ അനുമതിയില്ല.

എക്സൈസ് കമ്മിഷണർ ഷാപ്പ് ലൈസൻസികളുടെ സംഘടനാ പ്രതിനിധികളുമായി ചർച്ചചെയ്ത് ആവശ്യമെങ്കിൽ മാതൃകയിൽ മാറ്റം വരുത്തും.

ദൂരപരിധിയിലെ

വിവേചനം

# നിലവിൽ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ, എസ്.സി/ എസ്.ടി കോളനികൾ തുടങ്ങിവയിൽ നിന്ന് 400 മീറ്റർ അകലെയായിരിക്കണം കള്ള് ഷാപ്പുകൾ. ഫൈവ് സ്റ്റാർ ബാറുകൾക്ക് ഇത് 50 മീറ്ററും ത്രീ, ഫോർ സ്റ്റാർ ബാറുകൾക്ക് 200 മീറ്ററുമാണ്. ഈ വിവേചനം പാടില്ലെന്നാണ് ഷാപ്പുകാർ ആവശ്യപ്പെടുന്നത്. ഒരേ സ്ഥലത്ത് അഞ്ചു വർഷമെങ്കിലും പ്രവർത്തിപ്പിക്കാവുന്ന വിധത്തിൽ ദീർഘകാല ലൈസൻസ് വേണമെന്നതാണ് മറ്റൊരു ആവശ്യം.

ഹോട്ടലുകളിൽ കള്ള്

വിൽക്കാൻ ഫീസ് 10,000

# ത്രീസ്റ്റാർ മുതൽ മുകളിലുള്ള ഹോട്ടലുകളിൽ കള്ള് ചെത്തി വില്പന നടത്താൻ ചട്ടഭേദഗതി കൊണ്ടുവന്നിരുന്നു. പക്ഷേ, അപേക്ഷകരില്ല. 10,000 രൂപയാണ് ലൈസൻസ് ഫീസ്. ഹോട്ടൽ വളപ്പിലെ തെങ്ങിൽ നിന്നുവേണം കള്ള് ചെത്താൻ.48 മണിക്കൂർ വരെ ഉപയോഗിക്കാം, അതു കഴിഞ്ഞാൽ നശിപ്പിക്കണം. ബാർ ലൈസൻസ് ഇല്ലെങ്കിലും അപേക്ഷിക്കാം.