samaram

ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബർ അഴിമുഖത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഹാർബർ എക്സിക്യുട്ടിവ് എൻജിനിയറുടെ ഓഫീസിന് മുന്നിൽ ഉപരോധസമരം സംഘടിപ്പിച്ചു. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സജി ജോസ് അക്കര ഉദ്ഘാടനം ചെയ്തു. മുതലപ്പൊഴി അവകാശ സംരക്ഷണ സമിതി ചെയർമാൻ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ഹാർബറിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുക, ഹാർബർ അടച്ചുപൂട്ടാനുള്ള നീക്കം അവസാനിപ്പിക്കുക,24 മണിക്കൂറും പ്രവർത്തിക്കുന്ന സുരക്ഷാപ്രവർത്തകരും കൺട്രോൾ റൂമും തുറക്കുക, മറൈൻ ആംബുലൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

മുതലപ്പൊഴി പെരുമാതുറ ഭാഗത്തു നിന്ന് ആരംഭിച്ച മാർച്ച് താഴംപള്ളി ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ഹാർബർ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ അരുൺ കുമാറുമായി സംഘടനാ നേതാക്കൾ ചർച്ച നടത്തി. ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കുമെന്നും ഹാർബർ അടച്ചിടാനുള്ള നീക്കത്തിലെ പ്രതിഷേധം സർക്കാരിനെ അറിയിക്കാമെന്നും ഉറപ്പ് നൽകിയതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. പ്രതിഷേധത്തിൽ നൂറുക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ആന്റോ ഏല്യാസ് മുഖ്യപ്രഭാഷണം നടത്തി.എം.എച്ച്.സലിം,അനിത ബായ്,ജീബിൻ,ഷാക്കിർ സലീം,ജഹാംഗീർ ഷാഹുൽ ഹമീദ്,ജെയിംസ്,റോബിൻ,ജോഷി,എഫ്.കെ.സുധീർ,ഷലോൻ രാജു,ഐ.കെ.ഷാജി, അബുബക്കർ,നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു. താങ്ങുവല അസോസിയേഷൻ പ്രസിഡന്റ് സജീബ് പുതുക്കുറിച്ചി സ്വാഗതവും കൺവീനർ ബിജു നന്ദിയും പറഞ്ഞു.