
മലയിൻകീഴ്: കുണ്ടമൺകടവ് ആറിന് (കരമനയാർ) സമീപം സ്വകാര്യ ഭൂമിയിലെ മാലിന്യ നിക്ഷേപം മണ്ണിട്ട് നികത്തി. ഈ ഭാഗത്തെ മാലിന്യനിക്ഷേപത്തെക്കുറിച്ച് കേരളകൗമുദി നൽകിയ വാർത്തയെ തുടർന്നാണ് നടപടി. വിളപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ച് മണ്ണ് ഇട്ടാൽ മാത്രം പോരെന്നും, മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസും മാലിന്യം നിക്ഷേപിച്ചതിന് 77,000 രൂപ വീതം പിഴയും സ്ഥലത്തിന്റെ ഉടമകളായ രണ്ടുപേർക്ക് നൽകി. 14 ദിവസത്തിനകം പിഴയൊടുക്കി മാലിന്യം സംസ്കരിക്കണമെന്നാണ് നോട്ടീസിലുള്ളത്.
വട്ടിയൂർക്കാവ് പ്ലാവോട് നിർമ്മിതി വില്ലയുടെ മറുകരയിലുള്ള കുരിശുമുട്ടം സി.എസ്.ഐ പള്ളിക്ക് സമീപത്താണ് വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരുന്നത്. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിൽ ഉൾപ്പെട്ട പിറയിൽ ചെമ്പാൻ കട്ടയ്ക്കാൽ ഭാഗത്തെ മാലിന്യത്തിൽ നിന്ന് മാലിന്യം ആറ്റിലേക്ക് ഒഴുകിയിറങ്ങിയിരുന്നു. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഇക്കഴിഞ്ഞ 29നാണ് കേരളകൗമുദി വാർത്ത നൽകിയത്.വാർത്തയെ തുടർന്ന് ശുചിത്വമിഷന്റെ സംസ്ഥാന ഭാരവാഹികളും സ്ഥലം സന്ദർശിച്ചിരുന്നു.