തിരുവനന്തപുരം: മുന്നണികളും സ്ഥാനാർത്ഥികളും വോട്ടെണ്ണലിന്റെ സമ്മർദ്ദത്തിലാണ്. എന്നാൽ ആശങ്കകൾ മറന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ ശശി തരൂരും പന്ന്യൻ രവീന്ദ്രനും ഇന്നലെ ഒരേ വേദിയിലെത്തി കുശലം പറഞ്ഞു. കേരള കാർട്ടൂൺ അക്കാഡമിയും കോഫിഹൗസ് കൂട്ടായ്മയും സംഘടിപ്പിച്ച കാപ്പിയും കാർട്ടൂണും പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെയും ക്ഷണിച്ചിരുന്നെങ്കിലും തിരക്ക് കാരണം അദ്ദേഹത്തിന് എത്താനായില്ല.

യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന കാർട്ടൂൺ പ്രദർശനത്തിൽ തിരഞ്ഞെടുപ്പുകാലത്ത് ദിനപത്രങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ജനശ്രദ്ധ നേടിയ കാർട്ടൂണുകൾ പ്രദർശിപ്പിച്ചു. വിവാദങ്ങളും വിവിധ വിഷയങ്ങളും വരകളിൽ തെളിഞ്ഞുനിന്നു.

ജനങ്ങളുടെ വീക്ഷണങ്ങളാണ് കാർട്ടൂണുകൾ മുന്നോട്ടു വയ്ക്കുന്നതെന്നും പത്രം നിവർത്തിയാൽ താൻ ആദ്യം കാർട്ടൂണുകളാണ് ശ്രദ്ധിക്കുന്നതെന്നും ഡോ. ശശി തരൂർ എം.പി വ്യക്തമാക്കി. നർമ്മത്തിനപ്പുറം കാതലായ ചിന്തകളിലേക്കും കാർട്ടൂൺ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നുവെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ട്രസ്റ്റി ഇ.എം.രാധ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോഫി ഹൗസ് കൂട്ടായ്മ കോ ഓർഡിനേറ്റർ അലക്സ് വള്ളക്കാലിൽ, കേരള കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർനാഥ്,​ സെക്രട്ടറി എ.സതീഷ് എന്നിവർ സംസാരിച്ചു.