photo

നെടുമങ്ങാട് : സ്വാഗത ബാനറുകളും കുരുത്തോലയും കൊടിതോരണങ്ങളും കൊണ്ട് കമനീയമായി അലങ്കരിച്ച വിദ്യാലയ മുറ്റങ്ങൾ.പുത്തനുടുപ്പണിഞ്ഞ് വർണക്കുട ചൂടിയെത്തിയ കുരുന്നുകളെ വരവേല്ക്കാൻ നാടൻ കലാരൂപങ്ങളും താളമേളങ്ങളും.മലയോര മേഖലയിൽ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ജനകീയോത്സവമായി മാറുകയായിരുന്നു.ആനാട് ഗവ.എൽ.പി.എസിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പുതുതായി പ്രവേശനം നേടിയ 150 ഓളം കുട്ടികൾ ചെടിയും ചെടിച്ചട്ടിയുമായാണ് സ്‌കൂളിലെത്തിയത്. അക്ഷര കിരീടമണിയിച്ചും സമ്മാനങ്ങൾ നൽകിയും അദ്ധ്യാപകർ എതിരേറ്റു. നവാഗതരും മാതാപിതാക്കളും ചേർന്ന് ദീപം തെളിയിച്ചു.ഒന്നാം ക്ലാസുകാരുടെ കാവ്യാഞ്ജലിയും സംഘഗാനവും ശ്രദ്ധേയമായി. ഫ്രണ്ട്സ് സ്റ്റഡി സെന്റർ ഡയറക്ടർ ബി.ചക്രപാണി വിശിഷ്ടാതിഥിയായി.കുരുന്നുകൾ സ്വാഗതം ആശംസിച്ചു. പുതിയ പ്രീ പ്രൈമറി ബ്ലോക്ക് ഉദ്ഘാടനവും നടന്നു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ടീച്ചർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ, മെമ്പർ റീന , പി. ടി. എ പ്രസിഡന്റ് വി. പി. വിഷ്ണു, വികസന സമിതി ചെയർമാൻ വിജയൻ നായർ, ഹെഡ്മിസ്ട്രസ് കുമാരി കെ.എൽ. മിനി എന്നിവർ പങ്കെടുത്തു. പ്രീ പ്രൈമറിയിൽ പ്രവേശനം നേടിയ 300 കുട്ടികൾ ഉൾപ്പെടെ 800 ലധികം വിദ്യാർത്ഥികളാണ് ഈ പൊതുവിദ്യാലയത്തിലുള്ളത്.

കരുപ്പൂര് ഗവ.ഹൈസ്‌കൂളിൽ സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ തൽസമയ സംപ്രേഷണത്തോടെയാണ് പ്രവേശനത്തിന് തിരി തെളിഞ്ഞു. നഗരസഭ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സംഗീത രാജേഷ്, സുമയ്യ മനോജ് എന്നിവർ പങ്കെടുത്തു. നവാഗതർക്ക് നഗരസഭ ബാഗും കുടയും സമ്മാനിച്ചു. പ്രീ പ്രൈമറി കുട്ടികൾക്ക് എബിലിറ്റി എയ്ഡ് സെന്ററിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങളും നൽകി. 1994 പൂർവ വിദ്യാർത്ഥി കൂട്ടായ്മയും പഠനോപകരണങ്ങളുമായെത്തി. അദ്ധ്യാപകൻ സുധീർ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ബീന കെ. പി, എസ്.എം.സി ചെയർമാൻ ലൈജു, എം. പി. ടി. എ പ്രസിഡന്റ് ബിജി എസ്. നായർ, എഴുത്തുകാരി ശാലിനി എന്നിവർ സംസാരിച്ചു. നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭ ചെയർപെഴ്സൺ സി. എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.വി.രജി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി, എസ്.എം.സി വൈസ് ചെയർമാൻ അൻസിൽ, ഹെഡ്മിസ്ട്രസ് രമണി മുരളി,സജയകുമാർ, കലേഷ് തുടങ്ങിയവർ നേതൃത്വം നൽകി. സി.ഡി.പി.ഒ ജഷിത ക്ലാസ് നയിച്ചു.

പൂവത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ഉപഹാരവും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.സിനിമനാടക പ്രവർത്തക ഐശ്വര്യ ലെയിബി മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് സുനിൽ ശങ്കര അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അജിത. എസ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ രാജേന്ദ്രൻ നായർ, ലേഖാവിക്രമൻ, താരാ ജയകുമാർ,എസ്.എസ്.ബിജു, ലേഖാവിജയൻ, എം. രഞ്ചുനാഥ്, പി. കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. യു.എസ്. ടി ഗ്ലോബൽ പഠനോപകരണങ്ങൾ നൽകി. ഹെഡ്മിസ്ട്രസ് ശ്രീവിദ്യ.എൻ നന്ദി പറഞ്ഞു.മഞ്ച സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ കവിയും കാർട്ടൂണിസ്റ്റുമായ ഹരി ചാരുത ഉദ്ഘാടനം ചെയ്തു. മാതൃസംഘം പ്രസിഡന്റ് ഫസീല കായ്പ്പാടിയുടെ അദ്ധ്യക്ഷതയിൽ സൂപ്രണ്ട് ബിന്ദു സ്വാഗതം പറഞ്ഞു.സുനിൽകുമാർ, വിജയൻ,അരുൺ കുമാർ, അനിക്കുട്ടൻ,കോശി എന്നിവർ നേതൃത്വം നൽകി. പത്താം ക്ലാസിൽ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.ശ്രീകുമാർ നന്ദി പറഞ്ഞു.

അരുവിക്കര ഗവ.എൽ.പി.എസിൽ പഞ്ചായത്ത് തല പ്രവേശനോത്സവം സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. റിട്ട.എച്ച്.എം ഗണപതി പോറ്റി അക്ഷരദീപം പകർന്ന് നവാഗതരെ എതിരേറ്റു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷബീന ജാസ്മിൻ സ്വാഗതം പറഞ്ഞു.അക്കാഡമിക് പ്രവർത്തനങ്ങളുടെ മാസ്റ്റർ പ്ലാൻ വാർഡ് മെമ്പർ എ. എം ഇല്യാസ് പ്രകാശനം ചെയ്തു പി.ടി.എ പ്രസിഡന്റ് ജി. രാജീവ്, എസ്.എം.സി ചെയർമാൻ സുനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി അജിത തുടങ്ങിയവർ നേതൃത്വം നൽകി.

ചുള്ളിമാനൂർ എസ്.എച്ച്.യു.പി.എസിൽ ആനാട് പഞ്ചായത്ത്തല പ്രവേശനോത്സവം പ്രസിഡന്റ് എൻ.ശ്രീകല ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ലീലാമ്മ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീബാ ബീവി സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ ശ്രീകുമാർ,വേങ്കവിള സജി, സുമയ്യ ബീഗം, സ്‌കൂൾ മാനജർ ഫാ.എസ്.എം.അനിൽകുമാർ, ഹെഡ്മാസ്റ്റർ ലോറൻസ്, അദ്ധ്യാപകരായ െ്രസ്രല്ല, അൻസാരി കൊച്ചുവിള, യൂജിൻ.പി, സജി എന്നിവർ പങ്കെടുത്തു. ലിറ്റിൽസ് കോളർ ടാലന്റ് ഫെസ്റ്റിൽ രണ്ടാം സ്ഥാനം നേടിയ ഈശ്വർ എം.വിനയനെ അനുമോദിച്ചു.നെടുമങ്ങാട് ബി.ആർ.സി തല പ്രവേശനോത്സവം ടൗൺ ജി.എൽ.പി.എസിൽ ചെയർപേഴ്സൺ സി.എസ്. ശ്രീജയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. കുട വിതരണവും നിർവഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി സ്വാഗതം പറഞ്ഞു.മാസ്റ്റർ അനുരാഗിന്റെ മാജിക് ഷോ കൈയടി നേടി.ഹെഡ്മാസ്റ്റർ കെ.സനൽകുമാർ നന്ദി പറഞ്ഞു.

നിയോജക മണ്ഡലം തല പ്രവേശനോത്സവം പോത്തൻകോട് ഗവ.യു.പി.എസിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കരകുളംവിദ്യാധിരാജ എൽ . പി. എസിൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി .ബിജു ഉദ്ഘാടനം ചെയ്തു .ഉപജില്ലയിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ് പ്രവേശനം നേടിയത് വിദ്യാധിരാജ എൽ . പി എസിലാണ് . പി . ടി . എ പ്രസിഡന്റ് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അനീഷ് സ്വാഗതം പറഞ്ഞു. മെമ്പർ ഹേമലത കുമാരി , പി . ടി എ വൈസ് പ്രസിഡന്റ് സതീശൻ , മാതൃസംഘം പ്രസിഡന്റ് മോളി, സിനി .ബി . ജി എന്നിവർ പങ്കെടുത്തു.