തിരുവനന്തപുരം: ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നടക്കുന്ന നാലാഞ്ചിറ മാർ ഇവാനിയോസ് ക്യാമ്പസിലെ 11 ലൊക്കേഷനുകളിലായി 16 സെന്ററുകളിലാണ് ഇ.വി.എം,പോസ്റ്റൽ ബാലറ്റ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്.

കർശന പൊലീസ് സുരക്ഷുള്ള ഈ കേന്ദ്രങ്ങളെല്ലാം സി.സി ടിവി നിരീക്ഷണത്തിലാണ്. ഇ.വി.എം,പോസ്റ്റൽ ബാലറ്റ്,ഇ.ടി.പി.ബി.എസ്,പാരലൽ കൗണ്ടിംഗ് എന്നീ ടേബിളുകളിൽ 20% റിസർവ് ഉൾപ്പെടെ ആകെ 1200 കൗണ്ടിംഗ് ജീവനക്കാരാണ് ഡ്യൂട്ടിയിലുണ്ടാവുക. തിരുവനന്തപുരം മണ്ഡലത്തിലെ നേമം,കഴക്കൂട്ടം ഒഴികെ മറ്റെല്ലാ എൽ.എ സെഗ്‌മെന്റുകൾക്കും 14 കൗണ്ടിംഗ് ടേബിളുകളും നേമം,കഴക്കൂട്ടം എന്നിവിടങ്ങളിലേക്ക് 12 ടേബിളുകൾ വീതവും ആറ്റിങ്ങൽ മണ്ഡലത്തിനായി 14 കൗണ്ടിംഗ് ടേബിളുകൾ വീതവും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 5.30ന് ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരിക്കുന്ന ഇരു മണ്ഡലങ്ങളുടെയും സ്ട്രോംഗ് റൂമുകൾ തുറക്കും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളുടെ സ്‌ട്രോംഗ് റൂമും കൗണ്ടിംഗ് സെന്ററും സർവോദയ വിദ്യാലയ കെട്ടിടത്തിലാണ് സജ്ജമാക്കിയിട്ടുള്ളത്. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടുകളുടെ സ്‌ട്രോഗ് റൂം തിയോഫിലസ് ട്രെയിനിംഗ് സെന്ററിലും കൗണ്ടിംഗ് സെന്റർ മാർ ബസേലിയോസ് കോളേജ് അമിനിറ്റി സെന്ററിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് ആറ്റിങ്ങൽ മണ്ഡലത്തിനായി 38, ​തിരുവനന്തപുരത്തിന് 34 എന്നിങ്ങനെ ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട്.

സർവീസ് വോട്ടുകൾ സ്‌കാൻ ചെയ്യുന്നതിന് ഇരു ലോക്‌സഭാ മണ്ഡലങ്ങൾക്കും 10 വീതം ടേബിളുകളാണുള്ളത്. കൗണ്ടിംഗ് നടപടിക്രമങ്ങൾ വീക്ഷിക്കാൻ കൗണ്ടിംഗ് ഏജന്റുമാർക്ക് എല്ലാ കേന്ദ്രങ്ങളിലും സ്ഥലം ക്രമീകരിച്ചു. വി.വി പാറ്റ് സ്ലിപുകൾ എണ്ണുന്നതിന് ഓരോ എൽ.എ സെഗ്‌മെന്റിനും ഒന്ന് എന്ന രീതിയിൽ 14 വിവി പാറ്റ് കൗണ്ടിംഗ് ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇത് വീക്ഷിക്കുന്നതിന് ഏജന്റുമാർക്ക് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

തിരിച്ചറിയൽ കാർഡ് കൈവശമുള്ളവർക്കും പാസുള്ള വാഹനങ്ങൾക്കും മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനമുണ്ടാകൂ. മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ട്, സർവോദയ ഐ.സി.ഐ.സി.ഐ പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വാഹന പാർക്കിംഗ്. വോട്ടെണ്ണൽ ഹാളിൽ മൊബൈൽ ഫോൺ,ലാപ്‌ടോപ്പ്,ക്യാമറ,മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ നിരോധിച്ചു. ഓരോ കൗണ്ടിംഗ് സെന്ററിനു പുറത്തും ക്ലോക്ക് റൂമുകൾ ഉണ്ടാകും. വോട്ടെണ്ണൽ ഫലം വേഗത്തിൽ ഇലക്ഷൻ കമ്മിഷന്റെ വെബ്‌സൈറ്റിൽ നൽകാൻ ഐ.ടി ഉപകരണങ്ങൾ അടക്കമുള്ള സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പുമായി സഹകരിച്ച് വോട്ടെണ്ണൽ ജീവനക്കാർക്ക് മെഡിക്കൽ സംവിധാനവുമുണ്ട്. കുടുംബശ്രീ വഴി കുടിവെള്ളം,ഭക്ഷണം എന്നിവയും സജ്ജമാണെന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.