ശംഖുംമുഖം: ആറുവർഷത്തോളം കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെ ദുരിതാശ്വാസ ക്യാമ്പായിരുന്ന വലിയതുറ യു.പി സ്‌കൂൾ ഇന്നലെ കുട്ടികളെ വരവേറ്റു. നവീകരിച്ച സ്‌കൂളിലേക്ക് കുടുതൽ കുട്ടികൾ എത്തുമെന്ന പ്രതിക്ഷയിലാണ് അദ്ധ്യാപകർ. മുൻപ് 250ലധികം കുട്ടികൾ പഠിച്ചിരുന്ന സ്‌കൂൾ ഇത്തവണ 97ൽ ഒതുങ്ങി. ദുരിതാശ്വാസ ക്യാമ്പായി മാറിയതോടെയാണ് ഇവിടെ നിന്ന് കുട്ടികളെ രക്ഷിതാക്കൾ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റിയത്.

സേവ് ഫോറം എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മിഷന്റെ ഇടപെടലിലാണ് സ്‌കൂളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളെ ഒഴിപ്പിച്ചത്. തുടർന്ന് ആക്സിയ ടെക്‌നോളജീസ്, കനൽ ഇന്നൊവേഷൻസ്,തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അധികൃതർ എന്നിവർ ചേർന്ന് ക്ലാസ് മുറികൾ വൃത്തിയാക്കി കുട്ടികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കി. ക്ലാസ് മുറികളും സ്മാർട്ടായി പ്രവേശനോത്സവം ഗംഭീരമാകുകയും ചെയ്തു. അസിസ്റ്റന്റ് കളക്ടർ സാക്ഷി മോഹൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.