വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊന്മുടി ഇന്ന് രാവിലെ തുറക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഒാഫീസർ അറിയിച്ചു. മഞ്ഞിലും മഴയിലും മുങ്ങിക്കുളിച്ച് സഞ്ചാരികളുടെ വരവിനായി കാത്തിരിക്കുകയാണ് പൊൻമുടി. കനത്ത മഴകാരാണം കഴിഞ്ഞ രണ്ടാഴ്ചയായി പൊൻമുടി അടച്ചിരുന്നു. മഴ നേരീയ തോതിൽ കുറഞ്ഞതോടെ കഴിഞ്ഞ ആഴ്ച തുറന്നെങ്കിലും മഴ കോരിച്ചൊരിഞ്ഞതോടെ അന്നുതന്നെ അടച്ചു.
മറ്റ് മേഖലകളെ അപേക്ഷിച്ച് പൊന്മുടി മേഖലയിൽ ഇപ്പോഴും മഴപെയ്യുന്നുണ്ട്. ചിലദിവസങ്ങളിൽ മലവെള്ളപ്പാച്ചിലുമുണ്ട്. ഒരുമാസം മുൻപുവരെ പൊന്മുടിയിൽ കടുത്തചൂടും കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടിരുന്നു. മഴ ശക്തമായതോടെ പുലി ഉൾപ്പെടെ കാട്ടുമൃഗ ശല്യവും വർദ്ധിച്ചിരുന്നു.
ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാദ്ധ്യതയും കണക്കിലെടുത്താണ് ദുരന്തനിവാരണ അതോറിട്ടി പൊന്മുടി അടച്ചത്. രണ്ട് മാസത്തിനിടയിൽ മൂന്ന് പ്രാവശ്യം പൊന്മുടി അടക്കേണ്ടിവന്നു.
സഞ്ചാരികൾ സൂക്ഷിക്കുക
പൊന്മുടി നാലാംവളവിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിദ്ധ്യമുണ്ട്. കുട്ടിയാനയടക്കം മൂന്ന് ആനകൾ പകൽസമയങ്ങളിലും ഇവിടെ തമ്പടിച്ചിട്ടുണ്ട്. രാത്രിയിൽ റോഡിലാണ് അന്തിയുറക്കം. കൂടാതെ കാട്ടുപോത്തുകളുടെ ശല്യവുമുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികൾ ജാഗ്രതപുലർത്തണമെന്ന് വനപാലകർ അറിയിച്ചു. മാത്രമല്ല കല്ലാറിൽ കുളിക്കാനിറങ്ങുന്നവരും സൂക്ഷിക്കണം. വനമേഖലയിൽ മഴ പെയ്യുമ്പോൾ ഏതുസമയവും നദിയിൽ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞദിവസം വാമനപുരം നദിയിൽ വിതുര താവയ്ക്കൽകടവിൽ കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങിമരിച്ചിരുന്നു.