തിരുവനന്തപുരം: ഗൃഹനാഥൻ പുതിയ ചരിത്രമെഴുതിയതിന്റെ ആഹ്ളാദത്തിലായിരുന്നു ശാസ്തമംഗലത്തെ വീടായ ലക്ഷ്‌മി. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതിന്റെ സന്തോഷവുമായി പുറത്തേക്കുവന്ന സുരേഷ് ഗോപിയുടെ വാക്കുകളിൽ വൈകാരികത നിറഞ്ഞുനിന്നു.
ഭർത്താവിന്റെ വിജയം ആഘോഷമാക്കി രാധിക വീട്ടിലെത്തിയ വിശിഷ്ടാതിഥികൾക്കും പാർട്ടി പ്രവർത്തകർക്കും പായസവും ബോളിയും നൽകി. മകൻ ഗോകുൽ, മകൾ ഭാഗ്യ, മരുമകൻ ശ്രേയസ്, ഇളയമകൻ മാധവ് എന്നിവർ സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു.
ബി.ജെ.പി നേതാവ് പ്രകാശ് ജാവദേകർ സുരേഷ് ഗോപിയെ സന്ദർശിച്ച് അഭിനന്ദനം അറിയിച്ചു. കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്‌ണകുമാർ ഭാര്യ സിന്ധുവിനൊപ്പമാണ് അഭിനന്ദനം അറിയിക്കാനെത്തിയത്. നിർമ്മാതാവ് സുരേഷ് കുമാറും നേരിട്ടെത്തി സുരേഷ് ഗോപിയെ അഭിനന്ദിച്ചു. പ്രവർത്തകർ സുരേഷ് ഗോപിയെ പൊന്നാടയും ഹാരവും അണിയിച്ചാണ് ആഹ്ളാദം പങ്കിട്ടത്.