bjp

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ വോട്ട് വിഹിതം വർദ്ധിപ്പിച്ച് കരുത്ത് കാട്ടിയ ബി.ജെ.പി, തൃശൂരിൽ മിന്നുന്ന വിജയം നേടിയതിനൊപ്പം തിരുവനന്തപുരത്ത് കടുത്ത വെല്ലുവിളി ഉയർത്തുകയും ചെയ്തു. 2019ൽ വോട്ട് വിഹിതം 15.64% ആയിരുന്നു. ഇത്തവണ 19.38% ആയി. മൊത്തം വോട്ട് 2019ൽ 31.71ലക്ഷമായിരുന്നു. ഇത്തവണ 38.33 ലക്ഷമായി.

കോൺഗ്രസിന് 35.04% സി.പി.എമ്മിന് 25.8%, സി.പി.ഐയ്ക്ക് 6.15%, മുസ്ലീംലീഗിന് 6.08% വുമാണ് വോട്ട് വിഹിതം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം കോൺഗ്രസിന് 69,05,862, സി.പി.എമ്മിന് 50,84,14, മുസ്ലീം ലിഗിന് 11,98,446 വോട്ട് ലഭിച്ചു.

അതേസമയം, മലയാളികളുടെ ബി.ജെ.പി വിരുദ്ധ മനോഭാവം മാറ്റിയെടുക്കാനുള്ള പരീക്ഷണങ്ങൾക്ക് ഫലമുണ്ടായെന്നാണ് ബി.ജെ.പി വിലയിരുത്തൽ. അഞ്ച് മണ്ഡലങ്ങളിൽ പാർട്ടി നിർണ്ണായക സാന്നിദ്ധ്യമായി. തൃശൂരിൽ സുരേഷ് ഗോപി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, പത്തനംതിട്ടയിൽ അനിൽ ആന്റണി, ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ എന്നിവർ സംസ്ഥാന തലത്തിൽ ബി.ജെ.പിക്ക് സ്വീകാര്യത വർദ്ധിപ്പിച്ചു.

മോദിയുടെ വികസനത്തിനാണ് വോട്ട് തേടിയത്. കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളെ പ്രത്യേകം പരിഗണിച്ചു. പ്രചാരണ കോലാഹലങ്ങളില്ലാതെ പണക്കൊഴുപ്പ് കാട്ടാതെ മികച്ച പ്രചാരണമായിരുന്നു. മുൻകേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനായിരുന്നു ചുമതല. ബി.ജെ.പിയെ സ്വീകാര്യമാക്കുന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ അദ്ദേഹത്തിനായി.

ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനുമായി ചർച്ച നടത്തി. മുൻമുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പത്മജ, മുൻകേന്ദ്രമന്ത്രി എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി, പി.സി.ജോർജ് തുടങ്ങിയവരെ പാർട്ടിയിലെത്തിച്ചു. ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് സീറ്റ് കൂട്ടാനുള്ള ബി.ജെ.പിയുടെ മിഷൻ-50 പദ്ധതിയിൽ കേരളത്തെ നിലനിറുത്തി.

ഒരു സീറ്റ് നേടാനും ആറ്റിങ്ങലിലും തിരുവനന്തപുരത്തും പാർട്ടിയെ ജയത്തിന് 15,000 ത്തോളം വോട്ടിനടുത്തെത്തിക്കാനും ജാവദേക്കറിന്റെ തന്ത്രങ്ങൾക്കായി. അണ്ണാമലൈയെപ്പോലെ കരുത്തൻ നേതാവുണ്ടായിട്ടും തമിഴ്നാട്ടിൽ കാര്യമായ നേട്ടമുണ്ടാക്കാനാകാത്തപ്പോഴാണിത്.