തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുമുന്നണി നേരിട്ട തിരിച്ചടി രാജ്യസഭാ സീറ്റ് വിഭജനം കീറാമുട്ടിയാക്കും. എൽ.ഡി.എഫിന് ലഭിക്കുന്ന രണ്ട് സീറ്റുകളിലൊന്നിൽ കേരളകോൺഗ്രസ്- എമ്മും, സി.പി.ഐയും കണ്ണു വെച്ചിട്ടുണ്ട്. കോട്ടയം സീറ്റിൽ കേരളകോൺഗ്രസ് പരാജയപ്പെട്ടതോടെ രാജ്യസഭാ സീറ്റിനുള്ള അവരുടെ അവകാശവാദം കടുപ്പിക്കാനാണ് സാദ്ധ്യത. എന്നാൽ നാല് ലോക്സഭാ സീറ്റിലും പരാജയപ്പെട്ടതോടെ രാജ്യസഭാംഗത്വം തങ്ങൾക്ക് കൂടിയേ തീരൂവെന്ന നിലപാടിൽ സി.പി.ഐ എത്തിയേക്കും. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം നടക്കുന്ന എൽ.ഡി.എഫ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുക്കാനാണ് സി.പി.എം ആലോചിക്കുന്നത്. ആർ.ജെ.ഡിയും സീറ്റിനായി രംഗത്തുണ്ട്.