
മാദ്ധ്യമ രംഗത്ത് ഏറെ നിഷ്ഠയുള്ള, നീതിക്കൊപ്പം നടന്ന ഒരു മഹാമനുഷ്യനായിരുന്നു ബി.ആർ.പി. ഭാസ്കർ. സത്യത്തിന്റെയും നീതിയുടെയും കാവലാളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ജീവിതത്തിൽ ഒരു ഒത്തുതീർപ്പിനും തയാറാകാത്ത അദ്ദേഹത്തിന്റെ ചിന്താഗതികളുടെ കരുത്തും ഗരിമയും എന്നും നിലനിൽക്കും.
വ്യക്തിപരമായി എന്നോട് വലിയ വാത്സല്യമായിരുന്നു. ഏകദേശം 35 വർഷങ്ങൾക്ക് മുമ്പാണ് ബി.ആർ.പി ഭാസ്കർ സ്വന്തം വീടിന്റെ രൂപകല്പനയ്ക്കു വേണ്ടി എന്നെ സമീപിച്ചത്. വീടിന്റെ പണി പുരോഗമിക്കുന്നതിനൊപ്പം ഞങ്ങളുടെ ആത്മബന്ധവും വളർന്നു. ആ കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു.
പിൽക്കാലത്ത് മകളുടെ കൂടെ മദ്രാസിൽ ചേക്കേറിയപ്പോഴും ചെന്ന് കാണുമായിരുന്നു. അദ്ദേഹത്തിന്റെ സഹധർമ്മിണിയും മകളും കടന്നുപോയപ്പോഴും ഞാൻ ഒപ്പമുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് മടങ്ങിവന്നപ്പോഴും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ഞാൻ സന്ദർശിച്ചിരുന്നു. കഴുത്തിലെ പേശികൾക്ക് ബലക്കുറവും കഫക്കെട്ടുമാണ് പ്രശ്നമെന്നും ഒരു ദിവസം കഴിഞ്ഞ് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അതൊന്നുമുണ്ടായില്ല. വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ജീവിതവും മാർഗ്ഗനിർദ്ദേശങ്ങളും എന്നും പാഠമായിരിക്കും.