 ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം നടന്ന ആഹ്ലാദപ്രകടനത്തിനിടെ നേമത്ത് ബി.ജെ.പി-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്നലെ വൈകിട്ട് 5.15ഓടെയാണ് സംഭവം. ശശിതരൂർ വിജയിച്ചതിന്റെ ആഹ്ലാദപ്രകടനത്തിനായി ബൈക്കുകളിലെത്തിയതായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

ഇവർ പ്രകോപനപരമായ രീതിയിൽ സംസാരിക്കുകയും കൂവുകയും തങ്ങൾക്ക് നേരെ കല്ലുകളും പടക്കവും വലിച്ചെറിഞ്ഞെന്നുമാണ് ബി.ജെ.പി പ്രവർത്തകരുടെ ആരോപണം. നഗരസഭ പ്രതിപക്ഷ നേതാവ് എം.ആർ.ഗോപന്റെ നേമത്തെ വീട്ടിലേയ്ക്ക് യൂത്ത് കോൺഗ്രസുകാർ പടക്കം വലിച്ചെറിഞ്ഞെന്നും വീടിന്റെ ജനാലയുടെ ചില്ലുകൾ പൊട്ടിച്ചതായും ഇവർ പറയുന്നു. എം.ആർ.ഗോപന്റെ മകൻ പുറത്തിറങ്ങി വന്നതോടെ ഇരുസംഘങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് 7.15ഓടെ കാരയ്ക്കാമണ്ഡപം ശിവക്ഷേത്രത്തിന് മുന്നിൽ നിന്ന് നേമം പൊലീസ് സ്റ്റേഷൻ വരെ ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ചിനിടയിലും സംഘർഷമുണ്ടായി.

സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ ഇജാസിന്റെ കൈയൊടിഞ്ഞു. വിപിൻ,വിവേക് എന്നീ കോൺഗ്രസ് പ്രവർത്തകർക്കും വിപിൻ,മധു എന്നീ ബി.ജെ.പി പ്രവർത്തകർക്കും പരിക്കേറ്റു. രണ്ടു ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റതായും സൂചനയുണ്ട്. പൊന്നുമംഗലത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ബി.ജെ.പി ആക്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് സൂചനയുണ്ട്. യൂത്ത് കോൺഗ്രസുകാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് രാത്രി 8ഓടെ ബി.ജെ.പി നേമം സ്റ്റേഷൻ ഉപരോധിച്ചു. ഉപരോധം രാത്രി വൈകിയും തുടർന്നു.

ഫോർട്ട് എ.സി.ബിനുകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാർ സ്റ്റേഷനിൽ ക്യാമ്പ് ചെയ്‌തു. അതേസമയം, ബി.ജെ.പിക്കാരാണ് ആദ്യം പ്രശ്‌നമുണ്ടാക്കിയതെന്നും പൊറ്റയിലെ പള്ളിയിലേക്ക് അവർ ചില്ലുകുപ്പികൾ വലിച്ചെറിഞ്ഞെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷജീർ പറഞ്ഞു.