vazhayila

തിരുവനന്തപുരം: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയിരുന്ന വഴയിലയിലെ വാഹനത്തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു.നെടുമങ്ങാടു നിന്ന് തിരുവനന്തപുരം നഗരത്തിലേക്കുള്ള പ്രവേശനകവാടമായ ഇവിടെ സിഗ്നലുകൾ ഇല്ലാത്തത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സിഗ്നൽ സ്ഥാപിച്ചെങ്കിലും നേരത്തെയുണ്ടായിരുന്ന പൊലീസുകാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. നെടുമങ്ങാട്,​ വട്ടിയൂർക്കാവ്,​ മുക്കോല,​ പേരൂർക്കട എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ സംഗമിക്കുന്ന നാൽക്കവലയാണ് വഴയില ജംഗ്ഷൻ. വഴയിലയിൽ നിന്നാരംഭിച്ച് കവടിയാർ വരെ നീളുന്ന പ്രധാനപാത രാവിലെയും വൈകിട്ടും കടന്നുകിട്ടുക ശ്രമകരമാണ്.നെടുമങ്ങാടു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ ഏണിക്കര,പുരവൂർക്കോണം മുതൽ ഇഴഞ്ഞിഴഞ്ഞാണ് വഴയിലയിലെത്തുന്നത്.ഇവിടെ എത്തിയാലും ജംഗ്ഷൻ കടക്കാൻ പിന്നെയും ബുദ്ധിമുട്ടണം.പേരൂർക്കട ഭാഗത്ത് വാഹനങ്ങൾ കുരുങ്ങിയാൽ ആ കുരുക്ക് വഴയില വരെയാകും.റോഡിന് ഇരുവശങ്ങളിലുമുള്ള പാർക്കിംഗും യാത്രക്കാർക്ക് തലവേദനയാണ്.നെടുമങ്ങാടു നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ അടക്കമുള്ളവ റോഡിൽ നിറുത്തിയാണ് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും.ഇതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.വഴയിലയിലെ കുരുക്ക് കുപ്പിക്കഴുത്ത് പോലെയുള്ള പേരൂർക്കടയെയും കുരുക്കിലാക്കും.

വഴയില മുതൽ നെടുമങ്ങാട് പഴകുറ്റി വരെ നാലുവരിപ്പാതയാക്കാനുള്ള പദ്ധതി നടപ്പാക്കുന്നുണ്ട്. ഇത് യാഥാർത്ഥ്യമായാൽ മാത്രമേ സിഗ്നലിന്റെ ഗുണം പൂർണമായി ലഭിക്കൂ.338.53 കോടി ചെലവിട്ടാണ് പദ്ധതി. ഇതിന്റെ ഭാഗമായി കരകുളത്ത് ഫ്ലൈഓവറും നിർമ്മിക്കും.വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെ ആദ്യ റീച്ചിൽ ഉൾപ്പെടുന്ന പ്രദേശത്താണ് ഫ്ലൈഓവർ നിർമ്മിക്കുക.കരകുളം പാലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന ഫ്ലൈഓവറിന്റെ ഇരുഭാഗങ്ങളിലുമായി 300 മീറ്റർ അപ്രോച്ച് റോഡും 375 മീറ്റർ ഫ്ലൈഓവറുമാണ്. 675 മീറ്റർ നീളവും 16.75 മീറ്റർ വീതിയുമാണുള്ളത്. 50 കോടിയാണ് ഫ്ളൈ ഓവറിന്റെ ചെലവ്.