തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ച ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിൽ ഫോട്ടോ ഫിനിഷിലൂടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയിച്ചത്. 684 വോട്ടിന്റെ നേരിയ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. ആറ്റിങ്ങൽ മണ്ഡലത്തിൽ തുടങ്ങിവച്ച വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും എം.പിയെന്ന നിലയിൽ അതിനാവും മുൻഗണനനൽകുകയെന്നും അടൂർ പ്രകാശ് പറഞ്ഞു. അദ്ദേഹം കേരളകൗമുദിയോട് സംസാരിച്ചു:

?​ഈ മത്സരം പ്രതീക്ഷിച്ചിരുന്നോ, വിജയത്തെ എങ്ങനെ വിലയിരുത്തുന്നു

വോട്ടെണ്ണലിൽ വിയർക്കുന്ന ആളല്ല ഞാൻ. തിരഞ്ഞെടുപ്പിൽ ജയ-​ പരാജയങ്ങൾ സ്വാഭാവികമാണ്. അത് പ്രതീക്ഷിച്ച് തന്നെയാണ് മത്സരിച്ചത്. എല്ലാക്കാലത്തും വിജയിക്കുമെന്ന് ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്കല്ല നേതൃത്വം കൊടുത്തത്.

?​ഇരട്ടവോട്ടുകൾ കുഴപ്പത്തിലാക്കിയോ

അങ്ങനെ കുഴപ്പമുണ്ടാക്കാൻ സി.പി.എമ്മിന് പൂർണമായി കഴിഞ്ഞിട്ടില്ല. കോടതിയിൽ നിന്ന് അനുയോജ്യമായ ഉത്തരവ് ലഭ്യമായതോടെ അവർ പ്രതീക്ഷിച്ചപോലെ കള്ളവോട്ട് നടന്നില്ല.

?​വോട്ടുകൾ കുറയാൻ കാരണം ബി.ജെ.പിയുടെ മുന്നേറ്റമാണോ

ബി.ജെ.പിയുടെ മുന്നേറ്റമെന്ന് പറയാനാവില്ല. ബി.ജെ.പിയുടെ വോട്ട് വിഹിതം വർദ്ധിക്കാനുള്ള പ്രധാന കാരണം സി.പി.എം വോട്ടുകൾ അവർക്ക് ലഭിച്ചതാണ്.

?​കോൺഗ്രസിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതല്ലേ

സംഘടനാപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ പാർട്ടി കമ്മിറ്റിയിൽ പറയും. ഇപ്പോൾ അതേപറ്റി പറയുന്നില്ല.

?​അപരന്മാർ പിടിച്ച വോട്ടുകളെപ്പറ്റി

അത് സി.പി.എമ്മിന്റെ വിലകുറഞ്ഞ ഏർപ്പാടായിരുന്നു. മോശപ്പെട്ട പ്രവർത്തനത്തിന് അവർ നേതൃത്വം കൊടുത്തതു കൊണ്ടാണ് അപരന്മാരെ നിറുത്തി പരാജയപ്പെടുത്താൻ ശ്രമിച്ചത്. രണ്ട് അപരന്മാരാണ് മത്സരിച്ചത്. 3,​000ത്തോളം വോട്ടുകൾ അവർ നേടി. ഇത് എനിക്ക് ലഭിക്കേണ്ട വോട്ടുകളായിരുന്നു. നേരിട്ട് മത്സരിക്കുമ്പോൾ സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ പങ്കെടുക്കുന്നതിന് പകരം കുറുക്കു വഴിയിലൂടെ വിജയിക്കാനായിരുന്നു ശ്രമം.

?​മുതിർന്ന നേതാക്കളെ സന്ദർശിച്ചിരുന്നോ? തുടർപ്രവർത്തനങ്ങൾ എങ്ങനെ

തെന്നല ബാലകൃഷ്ണ പിള്ള സാറിനെ കാണാൻ പോയിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കും മുമ്പ് അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയിരുന്നു. അദ്ദേഹം കെ.പി.സി.സി അദ്ധ്യക്ഷനായിരിക്കുമ്പോൾ ഓഫീസ് ചുമതല പൂർണമായി കെ.പി.സി.സി സെക്രട്ടറിയായ എന്നെ ഏല്പിച്ചിരുന്നു. പിന്നീട് കെ.പി.സി.സി ഓഫീസിൽ സന്ദർശനം നടത്തി. എ.കെ.ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ച് ഏറെ നേരം സംസാരിച്ചു. ഉമ്മൻ ചാണ്ടിയുടെ വീട്ടിലും പോയി. തിരഞ്ഞെടുപ്പിൽ വിജയിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അറിയിച്ചതനുസരിച്ച് ഉടൻ ഡൽഹിയിലേക്ക് പോകും. മടങ്ങി വന്ന ശേഷം നേതാക്കന്മാരുമായി ആലോചിച്ച് തുടർപ്രവർത്തനങ്ങൾ തീരുമാനിക്കും.