
വിഴിഞ്ഞം: രണ്ടു കുഞ്ഞുങ്ങൾക്ക് പുതുജീവനേകി നാട്ടുകാരുടെ ശ്രീകുട്ടൻ വിടവാങ്ങി. കഴിഞ്ഞ തിങ്കളാഴ്ച കോവളം ജംഗ്ഷനിൽ നടന്ന അപകടത്തിൽ മരിച്ച കാക്കാമൂല പുന്നവിള വീട്ടിൽ വിനോദിന്റെയും സൗമ്യയുടെയും മകൻ വിപിനിന്റെ (ശ്രീകുട്ടൻ,21) രണ്ട് ഹൃദയ വാൽവുകളാണ് ശ്രീചിത്രയിലെ കുരുന്നുകൾക്ക് വേണ്ടി ദാനം ചെയ്തത്.
മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അവയവദാനത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ തന്നെ ബന്ധുക്കൾ സമ്മതമറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതർ ശ്രീചിത്രയിലെ ഡോക്ടർമാരുമായി ബന്ധപ്പെട്ട് ഹൃദയ വാൽവ് എടുക്കുകയായിരുന്നു. വിദേശത്തായിരുന്ന അമ്മ ചൊവ്വാഴ്ച രാത്രി സ്ഥലത്തെത്തിയിരുന്നു.
വെള്ളായണിയിലെ ജലോത്സവത്തിൽ കഴിഞ്ഞ 5 വർഷവും കാക്കാമൂല ബ്രദേഴ്സ് ബോട്ട് ക്ലബിലെ പ്രധാന തുഴച്ചിൽ താരമായിരുന്നു വിപിൻ. അതുകൊണ്ടുതന്നെ വൻ സുഹൃദ് ബന്ധത്തിനുടമയുമായിരുന്നു. കഴിഞ്ഞ വർഷത്തെ മത്സരത്തിൽ ഒന്നാം തരം വള്ളത്തിൽ തുഴഞ്ഞ് ട്രോഫി നേടിയതിൽ പ്രധാനി വിപിനായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
ടൈൽസിന്റെ ജോലി ചെയ്തിരുന്ന വിപിൻ വയൽ പാട്ടത്തിനെടുത്ത് സുഹൃത്തിനൊപ്പം കൃഷിയും ചെയ്തിരുന്നു.സുഹൃത്തിനൊപ്പം പോകുമ്പോൾ കോവളം കെ.എസ് റോഡ് ഭാഗത്തെ ബൈപ്പാസിൽ വച്ചാണ് ബൈക്കിൽ കാറിടിച്ച് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സൂരജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം കാണാൻ വിപിനിന്റെ സുഹൃത്തുക്കളടക്കം നിരവധി പേരാണ് എത്തിയത്. സംസ്കാരം കാക്കാമൂല ലൂഥറൻ സഭയിലെ പുരോഹിതൻ ജോയി റോബിൻസന്റെ മുഖ്യകാർമ്മികത്വത്തിൽ വീട്ടുവളപ്പിൽ നടന്നു.