
കിളിമാനൂർ: കിളിമാനൂർ ആലംകോട് രാജാ രവിവർമ്മ റോഡിൽ ചെമ്പരത്ത്മുക്കിന് സമീപം ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മടത്തറ, ശിവൻമുക്ക്, പാറവിളപുത്തൻവീട്ടിൽ നിസാറുദ്ദീൻ - റസീന ദമ്പതികളുടെ മകൻ അൻസൽ (19) ആണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്രചെയ്തിരുന്ന അൻസിലിന്റെ സുഹൃത്ത് മടത്തറ, ഒഴുകുപാറ, തൻസീർ മൻസിലിൽ തൻസീർ (19)ന് ഗുരുതര പരിക്കേറ്റു. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. ഇരുവരും ആറ്റിങ്ങൽ ഗവ.ഐ.ടി.ഐയിലെ ഫയർ ആൻഡ്സേഫ്ടി വിഭാഗം വിദ്യാർത്ഥികളായിരുന്നു. ഐ.ടി.ഐയിൽ രാവിലെയുള്ള ക്ലാസ് കഴിഞ്ഞ് മടത്തറയിലേക്ക് പോകവെ ചെമ്പരത്തുമുക്ക് ജംഗ്ഷന് സമീപം രാമനെല്ലൂർകോണം റോഡിലേക്ക് തിരിയുന്ന ഭാഗത്തുവെച്ചായിരുന്നു അപകടം. ഇവർക്ക് മുന്നേ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഇന്റിക്കേറ്റർ തെളിച്ച് രാമനെല്ലൂർകോണം റോഡിലേക്ക് തിരിഞ്ഞ് കയറവെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് പുറകെ എത്തി ഓട്ടോറിക്ഷയിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികിലേ മൈൽകുറ്റിയിൽ ഇടിക്കുകയുമായിരുന്നു. മൈൽകുറ്റിയിൽ നെഞ്ച് ഇടിച്ചുവീണ അൻസലിന്റെ കഴുത്തിലെ ഞരമ്പ്മുറിഞ്ഞ് അമിത രക്തസ്രാവമുണ്ടായി. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും സമീപത്തെ കേശവപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും അൻസിൽ മരിച്ചിരുന്നു. പരിക്കേറ്റ തൻസീറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അടുത്തമാസം കോഴ്സ് അവസാനിക്കാനിരിക്കെയാണ് ബൈക്ക് അപകടത്തിന്റെ രൂപത്തിൽ ദുരന്തം അൻസലിന്റെ ജീവനെടുത്തത്. അൻസിലിന്റ ഏക സഹോദരൻ അജ്മൽ. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കി. ബുധനാഴ്ച രാത്രി എട്ടുമണിയോടെ കബറടക്കി.