തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പാർട്ടി പ്രവർത്തനങ്ങളിലും സാംസ്കാരിക രംഗത്തും സജീവമായി നിൽക്കുന്ന ജില്ലയിലെ സ്ഥാനാർത്ഥികൾക്ക് തിരക്കൊഴിഞ്ഞില്ല. ഇടത് സ്ഥാനാർത്ഥികളായ പന്ന്യൻ രവീന്ദ്രനും വി.ജോയിയും വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടികളിലും പാർട്ടിയുടെ പ്രവർത്തനങ്ങളിലും പങ്കെടുത്തു. എൻ.ഡി.എ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇന്നലെ ഡൽഹിയിലായിരുന്നു.
ഇന്നലെ രാവിലെ വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനൊപ്പമാണ് പന്ന്യൻ രവീന്ദ്രനും വി.ജോയിയും പങ്കെടുത്തത്. അതിനുശേഷം പന്ന്യൻ രവീന്ദ്രൻ സി.പി.ഐ ആസ്ഥാനമായ പി.എസ് സ്മാരകത്തിലെത്തി പാർട്ടിയുടെ വിവിധ പ്രവർത്തനങ്ങളിൽ വ്യാപൃതനായി.
സിപി.എം ജില്ലാ സെക്രട്ടറിയും വർക്കല എം.എൽ.എയുമായ വി.ജോയി, രാവിലെ നടന്ന പരിപാടിക്കു ശേഷം തന്റെ മണ്ഡലത്തിലെത്തി വിവിധ പരിസ്ഥിതി ദിന പരിപാടികളിൽ പങ്കെടുത്തു. കേരള സർവകലാശാലയിൽ നിന്ന് ബി.എസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ പത്താം റാങ്കും കൊല്ലം ശ്രീനാരായണ കോളേജിൽ മൂന്നാം റാങ്കും കരസ്ഥമാക്കിയ മഹിത എസ്. മുരളിയെ അനുമോദിച്ച ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.