തിരുവനന്തപുരം: ഏപ്രിൽ,​ മേയ് മാസങ്ങളിൽ മ്യൂസിയത്തും മൃഗശാലയിലും വരുമാനത്തിൽ ഇടിവ്. 1.23 കോടിയാണ് (ഏപ്രിലിൽ 53.43 ലക്ഷം, മേയിൽ 70.49 ലക്ഷം) ഇക്കൊല്ലം ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 1.64 കോടിയായിരുന്നു. 40.16 ലക്ഷത്തിന്റെ കുറവ്. സാധാരണ വേനൽ അവധിക്കാണ് ഏറ്റവും കൂടുതൽ സന്ദർശകർ ഇവിടേക്കെത്തുന്നത്.

ചൂട് കൂടിയതും പക്ഷിമൃഗാദികൾ കുറഞ്ഞതുമാണ് സന്ദർശകർ കുറയാൻ കാരണമെന്നാണ് നിഗമനം. ഇക്കൊല്ലം വേനലവധിക്ക് മൃഗശാല സന്ദർശിച്ചവരിൽ ഭൂരിഭാഗവും കുടുംബങ്ങളാണ്. അന്യസംസ്ഥാനക്കാരും വിദേശികളും ധാരാളമായി എത്തിയിരുന്നു.

നേപ്പിയർ മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ശ്രീചിത്ര ആർട്ട് ഗ്യാലറി, കെ.സി.എസ് പണിക്കർ ആർട്ട് ഗ്യാലറി, ശ്രീചിത്ര എൻക്ളേവ്, അക്വേറിയം, 3ഡി തിയേറ്റർ, സസ്യോദ്യാനം, ചിത്രശലഭ പാർക്ക്, സ്‌നേക്ക് പാർക്ക് മൃഗശാല തുടങ്ങിയവയാണ് ഇവിടത്തെ ആകർഷണങ്ങൾ. മൃഗങ്ങളെ ആവാസവ്യവസ്ഥയിൽ പരിപാലിക്കുന്നു എന്നതാണ് മൃഗശാലയുടെ പ്രത്യേകത.

ഏപ്രിലിൽ മ്യൂസിയത്തിൽ 6.82 ലക്ഷവും മൃഗശാലയിൽ 46.61 ലക്ഷവും (2023ൽ യഥാക്രമം 9.25 ലക്ഷവും 59.43 ലക്ഷവുമായിരുന്നു) വരുമാനം ലഭിച്ചപ്പോൾ മേയിൽ അത് 9.99 ലക്ഷവും 60.50 ലക്ഷവുമായി ഉയർന്നു (2023ൽ യഥാക്രമം 12.82 ലക്ഷവും 82.59 ലക്ഷവുമായിരുന്നു).