a

കടയ്ക്കാവൂർ: കടയ്ക്കാവൂർ ഓവർബ്രിഡ്ജിൽ നിന്നും റെയിൽവെ സ്റ്റേഷനിലേക്കുള്ള പനമ്പള്ളി റോഡിന്റെ ഇരുവശങ്ങളിലും രാത്രികാലങ്ങളിൽ മാലിന്യനിക്ഷേപം വർദ്ധിക്കുന്നതായി പരാതി. 30 അടി പൊക്കത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത് ഈ റോഡിന്റെ ഇരു വശങ്ങളിലുമാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. പരാതികൾ ഉയർന്നിട്ടും ബന്ധപ്പെട്ട അധികൃതർ ഇത് തടയാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. മഴക്കാലമായതോടെ ദുർഗന്ധം കാരണം മൂക്ക് പൊത്തി പോലും നടക്കാൻ കഴിയില്ല. ട്രെയിൻ യാത്രക്കാരുൾപ്പെടെ ഉപയോഗിക്കുന്ന റോഡായതിനാൽ ഗതാഗത കുരുക്കും ഏറെയാണ്. സാംക്രമിക രോഗങ്ങൾ വരെ പിടിപെടാം. ഇവിടുത്തെ സി.സി.ടിവി കാമറകൾ പ്രവർത്തന രഹിതമായതോടെയാണ് മാലിന്യനിക്ഷേപം വർദ്ധിച്ചത്. അധികൃതർ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് കടയ്ക്കാവൂർ ജനകീയ പൗരസമിതി പ്രവർത്തകരുടെ ആവശ്യം.