krish

തിരുവനന്തപുരം : ഗ്രന്ഥകാരനും മികച്ച ഗവേഷകനുമാണ് നിയമസഭാ സെക്രട്ടറിയായി നിയമിതനായ ഡോ.എൻ.കൃഷ്ണകുമാർ.

തിരുവനന്തപുരം ഗവ. ലാ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ അദ്ദേഹം ഐ.എം.ജി യിലെ മുൻ ഫാക്കൽറ്റിയുമാണ്. കോഴിക്കോട് ലാ കോളേജിൽ പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിട്ടുണ്ട്.

പാറശാലയിൽ നടരാജപിള്ളയുടെയും മനോമണിയുടെയും മകനായി ജനനം. ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദവും തിരുവനന്തപുരം ഗവ. ലാ കോളേജിൽ നിന്ന് എൽ എൽ.ബി, എൽ എൽ.എം ബിരുദങ്ങളും കുസാറ്റിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുള്ള കൃഷ്ണകുമാർ ദീർഘകാലം തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. കേരള സർവകലാശാലയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷൻ കോഴ്സ് ഒന്നാം റാങ്കോടെ വിജയിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ബാബു, ഓസ്‌ക്കാർ ജേതാവ് റസൂൽ പൂക്കുട്ടി എന്നിവർ തിരുവനന്തപുരം ലാ കോളേജിൽ സഹപാഠികളായിരുന്നു
പതിനഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മികച്ച ഗവേഷകനുള്ള എൻ.ആർ.മാധവമേനോൻ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അന്തർദേശീയ തലത്തിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ ഷിജി നിയമവകുപ്പിൽ അണ്ടർ സെക്രട്ടറിയാണ്. അഡ്വ.മനു കൃഷ്ണ എസ്.കെ., ഐശ്വര്യ എസ്.കെ. എന്നിവർ മക്കളാണ്.