fly

തിരുവനന്തപുരം: നഗരവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഈഞ്ചയ്‌ക്കൽ ഫ്ളൈ ഓവർ നിർമ്മാണം ആരംഭിച്ചു. ഭാരപരിശോധന നടത്തുന്നതിനുള്ള പൈലിംഗാണ് നിലവിൽ നടക്കുന്നത്. റോഡിന്റെ വശത്തായി നിർമ്മിക്കുന്ന പില്ലറിൽ പ്ലാറ്റ്ഫോം സ്ഥാപിച്ചശേഷം 1,500 മുതൽ 2,000 ടൺ വരെ ഭാരം കയറ്റിയാണ് പരിശോധന നടത്തുക. ഇത് രണ്ടാഴ്ചയോളം നീളും. ഫ്ളൈ ഓവറിന്റെ ബലം ഉറപ്പാക്കാനാണിത്. 15 ദിവസത്തിനു ശേഷം ബാക്കി പണികൾ തുടങ്ങും.

ദേശീയപാത 66ൽ ചാക്ക ഫ്ളൈ ഓവർ അവസാനിക്കുന്നിടത്തു നിന്ന് മുട്ടത്തറ ഓവർപാസ് വരെയാണ് ഫ്ളൈ ഓവർ നിർമ്മിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കോവളം, ശംഖുംമുഖം,​ വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് വേഗത്തിൽ നഗരത്തിലെത്താനാകും. കഴക്കൂട്ടം, കോവളം, വിഴിഞ്ഞം, തമിഴ്‌നാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും തടസമില്ലാതെ പോകാനാകും. 18മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം.

എൻ.എച്ച് 66ൽ പൂർത്തിയായ ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ജംഗ്ഷനാണ് ഈഞ്ചയ്ക്കൽ. ഫ്ലൈഓവറോ അണ്ടർപാസോ ഇല്ലാത്തതാണ് കാരണം. കിഴക്കേകോട്ട, വള്ളക്കടവ്, അട്ടക്കുളങ്ങര, പേട്ട എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളും ഈഞ്ചയ്ക്കലിലാണ് ചേരുന്നത്. ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. ആക്കുളത്ത് ലുലുമാൾ കൂടി വന്നതോടെ ബൈപ്പാസിൽ വാഹനത്തിരക്കേറി. ഈഞ്ചയ്ക്കലിൽ നിലവിൽ പൊലീസുകാരാണ് ഗതാഗതം നിയന്ത്രിക്കുന്നത്.

റോഡ് കുരുങ്ങുമോ?​

നിർമ്മാണത്തിന് കാലവർഷം തടസമാകുമോയെന്ന ആശങ്കയുണ്ട്. സ്കൂൾ കൂടി തുറന്നതോടെ രാവിലെയും വൈകിട്ടും വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു. ഇതിനൊപ്പം റോ‌ഡ് നിർമ്മാണത്തിനായി ഏതെങ്കിലും ഭാഗം അടച്ചാൽ കൂടുതൽ കുരുക്കുണ്ടാകുമെന്നാണ് ട്രാഫിക് പൊലീസ് കരുതുന്നത്. നിർമ്മാണച്ചുമതലയുള്ള ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി അധികൃതരുമായി ചർച്ച നടത്തിയശേഷമേ ഗതാഗത നിയന്ത്രണത്തിൽ പൊലീസ് തീരുമാനമെടുക്കുള്ളൂ.

ഈഞ്ചയ്ക്കൽ ഫ്ളൈ ഓവർ

ചാക്ക ഫ്ളൈ ഓവർ മുതൽ മുട്ടത്തറ വരെ

 നാലുവരിപ്പാത
 9 സ്പാനുകൾ (ഓരോ 25മീറ്ററിലും)​

 തിരുവല്ലത്ത് പാലം

92 കോടി

പദ്ധതിച്ചെലവ്