തിരുവനന്തപുരം: ചാർജ്ജ് ഓഫീസറുടെ കംപ്യൂട്ടർ പാസ്‌വേഡും യൂസർ നെയിമും ഉപയോഗിച്ച് നഗരസഭ കുടപ്പനക്കുന്ന് സോണൽ ഓഫീസിലെ റവന്യു ഇൻസ്‌പെക്ടർ ഒക്യുപൻസി സർട്ടിഫിക്കറ്റുകൾ നൽകി തട്ടിപ്പ് നടത്തിയ സംഭവം കോർപ്പറേഷൻ അന്വേഷിക്കും. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. സംഭവമറിഞ്ഞിട്ടും നഗരസഭ പൂഴ്ത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്.

തദ്ദേശവകുപ്പിലെ ആഭ്യന്തര വിജിലൻസ് സംഘം നടത്തിയ പരശോധനയിലാണ് ചാർജ് ഓഫീസറുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി വൻകിട കെട്ടിടങ്ങൾക്ക് ഒക്യുപൻസി സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകിയതായി കണ്ടെത്തിയത്. റവന്യു ഇൻസ്‌പെക്ടർ തീർപ്പാക്കിയ ഫയലുകൾ സോണൽ ഓഫീസ്, ആസ്ഥാന ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് വിജിലൻസ് സംഘം പിടിച്ചെടുത്തു.
കൊല്ലം സ്വദേശിയായ ചാർജ് ഓഫീസർ അവധിയിൽ പോകുന്ന ദിവസങ്ങളിൽ ഓഫീസർക്ക് അനുവദിച്ചിട്ടുള്ള കമ്പ്യൂട്ടർ പാസ്‌വേഡും യൂസർ നെയിമും ചോർത്തി റവന്യു ഇൻസ്‌പെക്ടർ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷയുടെ ഫയലിൽ ക്രമക്കേട് കണ്ടെത്തിയപ്പോൾ ചാർജ് ഓഫീസർ കഴിഞ്ഞ നവംബറിൽ കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതി നൽകി. സെക്രട്ടറി തലത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ ഫയൽ കാണാതായതോടെ അന്വേഷണം നിലച്ചു. ഈ വിവരം ആഭ്യന്തര വിജിലൻസ് സംഘത്തിനും ചോർന്നു കിട്ടി. കഴിഞ്ഞ ദിവസം വിജിലൻസ് സംഘം നടത്തിയ പരശോധനയിൽ കഴിഞ്ഞ വർഷം കാണാതായ ഫയൽ കെ സ്മാർട്ട് സോഫ്ട്‌വെയറിൽ റവന്യു ഇൻസ്‌പെക്ടർ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. അനധികൃത കെട്ടിടങ്ങൾക്കുൾപ്പെടെ ഒക്യുപൻസി സർട്ടിഫിക്കറ്റ് അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് സംഘത്തിന്റെ റപ്പോർട്ട് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർക്ക് ഉടൻ കൈമാറും. അവിടെനിന്ന് നടപടികൾക്ക് നിർദ്ദേശം വരും.