
പാലോട്: പ്ലാവറ വൃന്ദാവനത്തിനു സമീപം സ്വകാര്യവസ്തു മണ്ണിട്ട് നികത്തുന്നതിനാൽ തെങ്കാശി പാതയിൽ പ്ലാവറ ഭാഗം ചെളിക്കുളമായി. കഴിഞ്ഞ ദിവസം അഞ്ചോളം ഇരുചക്രവാഹന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ചെളി അടിയന്തരമായി മാറ്റണമെന്ന് പൊലീസ് അറിയിച്ചിട്ടും സ്ഥലമുടമ തയ്യാറായില്ല. ഇതിലൂടെ കാൽനടയാത്ര പോലും അസാദ്ധ്യമാക്കി മണ്ണിടൽ തുടരുകയാണ്. പ്ലാവറ മുതൽ എസ്.കെ.വി ജംഗ്ഷൻ വരെയുള്ളറോഡാണ് ഇത്തരത്തിലുള്ളത്. കഴിഞ്ഞ ദിവസം ചെയ്ത മഴയിൽ ദുരിതത്തിലായതും കാൽനടയാത്രികരാണ്. സ്കൂൾ കുട്ടികളുടെ യൂണിഫോമിലും ചെളി തെറിപ്പിച്ചാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ചെറുമഴയത്തും വെള്ളക്കെട്ടുള്ള ഭാഗമാണ് ഇവിടം. പഞ്ചായത്തിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നും അടിയന്തര ഇടപെടൽ ആത്യാവശ്യമാണ്.