a

കടയ്ക്കാവൂർ: വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയായി അഞ്ചുതെങ്ങ് - കടയ്ക്കാവൂർ റോഡിൽ വാട്ടർ അതോറിട്ടിയുടെ പടുകുഴി. അഞ്ചുതെങ്ങ് - കടയ്ക്കാവൂർ റോഡിൽ മീരാൻ കടവ് റോഡിലാണ് വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വാട്ടർ അതോറിട്ടിയുടെ വക പടുകുഴി. ആറുമാസത്തോളമായി ഈ കുഴി തുറന്നുകിടക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. നിലയ്ക്കാമുക്കിൽ നിന്നും അഞ്ചുതെങ്ങിലേക്ക് സ്ഥാപിച്ച 400 എം.എം ഡി.ഐ പൈപ്പ് ലൈനിനെ അഞ്ചുതെങ്ങുമായി ബന്ധിപ്പിക്കുന്ന സ്ഥലത്തായി ഒരു വാൽവ് സ്ഥാപിച്ചിരുന്നു. ഈ വാൽവ് സ്ഥാപിച്ച സ്ഥലത്താണ് മാസങ്ങളായി കുഴി മൂടാതെ കിടക്കുന്നത്. ഇവിടെ മാൻ ഹോൾ നിർമ്മിക്കുന്നതിനായാണ് ഈ കുഴി മൂടാതെ ഇട്ടതെന്നാണ് സൂചന. എന്നാൽ പൈപ്പ് സ്ഥാപിക്കൽ നടപടികൾ പൂർത്തിയാക്കി മാസങ്ങൾ കഴിയുമ്പോഴും ഇവിടെ മാൻഹോൾ (വാൽവ് ചേമ്പർ) സ്ഥാപിക്കുവാനോ കുഴി മൂടുവാനോ അധികൃതർ തയാറായിട്ടില്ല. എത്രയും പെട്ടെന്ന് തന്നെ ഈ പടുകുഴി മൂടി, സുരക്ഷിതവും സഞ്ചാരയോഗ്യവുമായ പാത ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.