
ആലപ്പുഴ: അവധിക്ക് നാട്ടിൽ വരുമ്പോൾ രാസലഹരി വ്യാപാരം പതിവാക്കിയ നഴ്സിംഗ് വിദ്യാർത്ഥിയെ പൊലീസ് പിടികൂടി.ആര്യാട് സൗത്ത് അവലക്കുന്ന് തൈലം തറവെളിയിൽ അനന്തകൃഷ്ണനെയാണ് (23) കാളാത്ത് ജംഗ്ഷന് സമീപം വെച്ച് ആറുഗ്രാം എം.ഡി.എം.എയുമായി ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പൊലീസും ചേർന്ന് പിടി കൂടിയത്. തമിഴ്നാട് സേലത്ത് നഴ്സിംഗ് വിദ്യാർത്ഥിയാണ് അനന്തകൃഷ്ണൻ. നാട്ടിൽ വരുമ്പോൾ ബാംഗ്ലൂരിൽനിന്നും എം.ഡി.എം.എ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു . കഴിഞ്ഞ കുറെ മാസങ്ങളായി ആലപ്പുഴ ടൗൺ ഭാഗങ്ങളാണ് കച്ചവടത്തിനായി തിരഞ്ഞെടുത്തിരുന്നത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി വിജയന്റെ നേതൃത്വത്തിൽ ആലപ്പുഴ നോർത്ത് സി.ഐ സുമേഷ് സുധാകരൻ, എസ്.ഐ അനിൽ, ഗ്രേഡ് എസ്.ഐ സാലസ് ,പൊലീസുകാരായ മാത്യു, ഡാരിൽ നെൽസൺ എന്നിവരും ചേർന്നാണ് പ്രതിയെ പിടി കുടിയത്.