
വർക്കല: തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീർത്ഥക്കുളത്തിന്റെ മൂന്ന് ചുറ്റിലുമുള്ള ഭൂമിയും നന്ദാവനം ഗ്രൗണ്ടും വാഹന പാർക്കിംഗിനായി ലേലം ചെയ്തു കൊടുക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രക്ഷോഭസമരം സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രഭാകരൻ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കിളിമാനൂർ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ലേല നടപടികൾ അനുവദിക്കില്ലെന്ന നിലപാടുമായി പ്രവർത്തകർ ദേവസ്വം ബോർഡ് എ.ഒയുടെ ഓഫീസിലെത്തി നാമജപം ഉരുവിട്ട് പ്രതിഷേധിച്ചു. ഇതോടെ രണ്ടിടത്തെയും ലേലനടപടികൾ താത്കാലികമായി നിറുത്തിവച്ചതായി രജിസ്റ്ററിൽ എ.ഒ രേഖപ്പെടുത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കൃഷ്ണകുമാർ, ജനറൽ സെക്രട്ടറിമാരായ ബിജു അറപ്പുര, വഴയില ഉണ്ണി, ഹിന്ദു ഐക്യതാലൂക്ക് പ്രസിഡന്റ് മുരളീധരൻ, സെക്രട്ടറി ജിജോ, താലൂക്ക് വർക്കിംഗ് പ്രസിഡന്റ് രത്നകുമാർ തുടങ്ങി 150ഓളം പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു.