
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിലെ 899 ബാങ്ക് ശാഖകളിലൂടെ മുൻഗണനാ മേഖലയിൽ 29860 കോടിരൂപ വായ്പയായി നൽകി. ലക്ഷ്യമിട്ടതിലും 124ശതമാനം അധികമാണിതെന്ന് ഇന്നലെ ഹോട്ടൽ എസ്.പി. ഗ്രാന്റ് ഡേയ്സിൽ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനസമിതി വിലയിരുത്തി. 24051 കോടി രൂപയായിരുന്നു മുൻഗണനാ മേഖലയിലെ വായ്പാലക്ഷ്യം.മാർച്ച് 31 വരെ ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 1,26,872 കോടി രൂപയും, വായ്പ 1,00,719 കോടി രൂപയുമാണ്. വായ്പാ നിക്ഷേപാനുപാതം 77 ശതമാനത്തിൽനിന്ന് 79 ശതമാനമായി വർദ്ധിച്ചു. ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി അദ്ധ്യക്ഷത വഹിച്ച യോഗം ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.ഒ.ബി അസിസ്റ്റന്റ് ജനറൽ മാനേജർ രാജീവ് കുമാർ,റിസർവ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫീസർ മിനി ബാലകൃഷ്ണൻ,നബാർഡ് മാനേജർ റോണി രാജു,ലീഡ് ഡിസ്ടിക്ട് മാനേജർ എസ്.ജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു.