neet-exam

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് - യു.ജിയിൽ 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചത് പരീക്ഷയെ സംബന്ധിച്ച് കാതലായ സംശയങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സാധാരണ രണ്ടോ മൂന്നോ പേർക്കു മാത്രമാണ് ഒന്നാം റാങ്ക് ലഭിക്കാറുള്ളത്. ഒരു ചോദ്യത്തിന് നാലു മാർക്കാണുള്ളത്. ഒരു ചോദ്യം മാത്രം തെറ്റുന്ന വിദ്യാർത്ഥിക്ക് കഴിഞ്ഞ പരീക്ഷകളിൽ 716 മാർക്കായിരുന്നു. ഇത്തവണ ഇതാദ്യമായി ചിലർക്ക് 719 ഉം 718ഉം മാർക്കുകൾ ലഭിച്ചിട്ടുണ്ട്. ഗ്രേസ് മാർക്ക് നൽകിയതുകൊണ്ടാണ് ഇത്തരത്തിൽ മാർക്ക് വന്നതെന്നാണ് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) യുടെ വിശദീകരണം. ഇത് വിശ്വസനീയമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തോന്നുന്നില്ല. 2021-ൽ മൂന്നു പേർക്കും 2023-ൽ രണ്ടു പേർക്കും മാത്രമാണ് ഫുൾമാർക്ക് ലഭിച്ചത്. ഒറ്റയടിക്ക് 67 പേർക്കും മൊത്തം മാർക്ക് ലഭിക്കുമ്പോൾ സ്വാഭാവികമായും പല സംശയങ്ങളും ഉണ്ടാകാം.

ഏറ്റവും പ്രബലമായ സംശയം,​ ചോദ്യപേപ്പർ ചോർന്നിട്ടുണ്ടോ എന്നതു സംബന്ധിച്ചാണ്. കേന്ദ്ര സർക്കാർ നടത്തിയ റെയിൽവേ പരീക്ഷയുടെ സഹിതം ചോദ്യപേപ്പർ ചോർന്നിട്ടുണ്ട്. ആൾമാറാട്ടത്തിന് ഏറ്റവും കൂടുതൽ പേർ പിടിയിലായിട്ടുള്ളത് മെഡിസിൻ പ്രവേശന പരീക്ഷയിലും മറ്രുമാണ്. അട്ടിമറിയും തിരിമറിയും നടന്നിട്ടില്ല എന്നു തെളിയിക്കേണ്ടത് പഴുതടച്ച അന്വേഷണത്തിലൂടെയാണ്. ഹരിയാനയിൽ ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതിയ ആറു വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും ലഭിച്ചതും കൂടുതൽ സംശയങ്ങൾ ജനിപ്പിക്കാൻ ഉതകുന്നതാണ്. ഗ്രേസ് മാർക്ക് നൽകിയതിലും പാകപ്പിഴ സംഭവിച്ചിട്ടുണ്ട്. തെറ്റായ ഉത്തരം നൽകിയവർക്കും ഗ്രേസ് മാർക്ക് നൽകിയിട്ടുണ്ട്. ഫിസിക്സ് വിഭാഗത്തിൽ നിന്നുള്ള ഒരു ചോദ്യത്തിന് ഗ്രേസ് മാർക്ക് അനുവദിച്ചതാണ് കൂടുതൽ പേർക്ക് ഒന്നാം റാങ്ക് ലഭിക്കാൻ കാരണമെന്ന് എൻ.ടി.എ പറയുന്നു.

ഉദ്യോഗാർത്ഥികളുടെ എണ്ണത്തിലെ വർദ്ധന,​ പരീക്ഷ എളുപ്പമായിരുന്നത് തുടങ്ങിയവയാണ് ഒന്നാം റാങ്കുകാരുടെ എണ്ണം വർദ്ധിപ്പിച്ചതെന്ന വിശദീകരണം ആരെയും തൃപ്തിപ്പെടുത്താൻ പോന്നതല്ല. എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം അറിയാവുന്നവർക്കു പോലും സമയപരിമിതി കാരണം ചില ചോദ്യങ്ങൾ വിടേണ്ടിവരും. ഇതൊക്കെ കണക്കിലെടുക്കുമ്പോൾ 67 പേർക്ക് മുഴുവൻ മാർക്ക് കിട്ടിയത് അസ്വാഭാവികമായി തന്നെ കണക്കാക്കണം. അതിനാൽ പരീക്ഷ വീണ്ടും നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് തൊടുന്യായങ്ങൾ പറഞ്ഞ് കേന്ദ്രസർക്കാർ നിരാകരിക്കരുത്. കാരണം ഇത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ സംബന്ധിച്ച വിഷയമാണ്. ലക്ഷങ്ങൾ കോച്ചിംഗിനും മറ്റും ചെലവഴിച്ചാണ് ഭൂരിപക്ഷം കുട്ടികളും നീറ്റ് പരീക്ഷയെ അഭിമുഖീകരിക്കുന്നത്.

ചോദ്യപേപ്പർ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ചോർന്നതായി പ്രചാരണമുണ്ട്. ഇതിന്റെ നിജസ്ഥിതി അറിയാൻ ഉന്നതതല അന്വേഷണം അടിയന്തരമായി നടത്തണം. മുമ്പെങ്ങുമില്ലാത്ത വിധത്തിൽ മാർക്കുകൾ ലഭിക്കുക, റാങ്കുകൾ ലഭിക്കുക തുടങ്ങിയവ സംഭവിച്ചത് എന്തുകൊണ്ടാണെന്ന് സംശയരഹിതമായ രീതിയിൽ അറിയേണ്ടതാണ്. വീണ്ടും പരീക്ഷ നടത്താനാണ് തീരുമാനമെങ്കിൽ അത് ഉടൻ വേണം താനും. ഇല്ലെങ്കിൽ പല വിദ്യാർത്ഥികൾക്കും മെച്ചപ്പെട്ട അവസരങ്ങളും ഒരു അദ്ധ്യയനവർഷം പോലും നഷ്ടപ്പെടാൻ അതിടയാക്കും. ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപിച്ചതുകൊണ്ട് ഇതൊരു രാഷ്ട്രീയ വിഷയമാക്കി മാറ്രി പരസ്പരം വാദ പ്രതിവാദങ്ങൾ നടത്താൻ രാഷ്ട്രീയ കക്ഷികൾ ശ്രമിക്കരുത്. വിദ്യാർത്ഥികളുടെ ഭാവിയെ സംബന്ധിക്കുന്ന പ്രശ്നമായതിനാൽ അതിന്റേതായ ഗൗരവത്തോടെ വേണം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും അതിന്റെ ചുമതല ഏറ്റെടുക്കാൻ പോകുന്ന പുതിയ കേന്ദ്രമന്ത്രിയും വിഷയത്തെ സമീപിക്കേണ്ടത്.