നെടുമങ്ങാട് : പനവൂർ കൃഷിഭവൻ കുത്തിത്തുറന്ന് ലാപ്പ്ടോപ്പും ക്യാമറയും മോഷ്ടിച്ചു. വേങ്കവിള ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ വാതിൽ പൊളിച്ച് 60,000 രൂപയും അപഹരിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് കവർച്ച നടന്നത്. രണ്ടു ദിവസം മുമ്പ് ഇവിടെ ക്രിസ്ത്യൻപള്ളിയുടെ കാണിക്കപ്പെട്ടി കുത്തിത്തുറന്നും പണം കവർന്നിരുന്നു. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ലാപ്ടോപ്പാണ് കൃഷിഭവനിൽ നിന്ന് അപഹരിച്ചത്. അധികൃതരുടെ പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു. നൈറ്റ് പട്രോളിംഗിൽ പൊലീസ് കാര്യക്ഷമത കാണിക്കുന്നില്ലെന്ന് പരാതിയുണ്ട്. എന്നാൽ, പൊലീസ് വാഹനങ്ങളിലെ ഡീസൽ ക്ഷാമമാണ് നൈറ്റ് പട്രോളിംഗ് തടസപ്പെട്ടതിന് കാരണമായി ബന്ധപ്പെട്ടവർ പറയുന്നത്. പഴകുറ്റിയിലെ ഒരു സ്വകാര്യ പമ്പിൽ നിന്നാണ് പൊലീസ് സ്റ്റേഷനിലെ നാല് വാഹനങ്ങൾ ഡീസൽ നിറച്ചിരുന്നത്. ആറ് മാസമായിട്ടും പണം നൽകാത്തതിനെ തുടർന്ന് പമ്പ് ഉടമ ഡീസൽ നൽകുന്നതും നിറുത്തിയിരിക്കുകയാണ്.