തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ്ഗ സംവരണം സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കുമെന്ന് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. ദേവസ്വം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങളിൽ പി.എസ്.സി മാതൃകയിൽ സംവരണം നടപ്പാക്കി. ഇത് പിന്തുടരും.
വയോജന സർവെയ്ക്ക് പ്രാഥമിക നടപടിയായി. വയോജനങ്ങൾക്ക് സ്വയം തൊഴിലിന് സഹായം, വൈദഗ്ദ്ധ്യം തെളിയിച്ചവർക്ക് റീ എംപ്ളോയ്മെന്റ് എന്നിവ സ്വയംപ്രഭ സ്കീമിൽ നടപ്പാക്കും. ദരിദ്രരായ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും ചികിത്സയ്ക്കുമായി മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിന്റെ മാതൃകയിൽ ഫണ്ട് രൂപീകരിക്കും.
സർക്കാർ ഭൂമി കൈവശം വയ്ക്കുകയും കൈയേറുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിച്ചു. 67 വൻകിട തോട്ടമുടമകളെ കണ്ടെത്തി 17 കേസുകൾ രജിസ്റ്രർ ചെയ്തു. ശേഷിക്കുന്ന കേസുകൾ ഉടനെടുക്കും. 688.2 ഏക്കർ ഭൂമി സർക്കാർ ഏറ്രെടുത്തു.
കെൽട്രോൺ പുനരുദ്ധാരണത്തിന് 395 കോടിയുടെ മാസ്റ്രർ പ്ളാൻ തയ്യാറാക്കി. പാർപ്പിടം, വ്യവസായം, കൃഷി, മലയോര, തീരദേശ മേഖലകളിൽ വിവിധ പദ്ധതികൾ പുരോഗതിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ സുരക്ഷയ്ക്കും പശ്ചാത്തല സൗകര്യ വികസനത്തിനും ഊന്നൽ നൽകും.