
തിരുവനന്തപുരം: തലസ്ഥാന നഗരമാണ്, പേരിൽ സ്‌മാർട്ടുമാണ്, പക്ഷേ, നഗരത്തിലെ വെയിറ്റിംഗ് ഷെഡുകളിൽ യാത്രക്കാർക്ക് ഇരിക്കണമെങ്കിൽ വലഞ്ഞതുതന്നെ. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ചതാണ് നഗരത്തിലെ മിക്ക ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും. പക്ഷേ ഇരിപ്പിടത്തിന്റെ കാര്യത്തിൽ ലോ ക്ളാസാണ്.
മിക്ക കാത്തിരിപ്പുകേന്ദ്രങ്ങളിലേയും ഇരിപ്പിടങ്ങൾ തകർന്നു കിടക്കുകയാണ്, ചിലയിടങ്ങളിൽ ഇരിപ്പിടത്തിന്റെ സ്ഥാനത്ത് ഒന്നോ രണ്ടോ കമ്പികൾ മാത്രം, യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ വെയിറ്റിംഗ് ഷെഡിൽ ഒറ്റക്കമ്പി മാത്രമാണുള്ളത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനും,പബ്ളിക് ലൈബ്രറിക്കും മുന്നിലുള്ള വെയിറ്റിംഗ് ഷെഡുകളിൽ ഇരിപ്പിടമേയില്ല. വെള്ളയമ്പലം,മെഡിക്കൽ കോളേജ്,പട്ടം,കേശവദാസപുരം,പേട്ട പള്ളിമുക്ക്,തമ്പാനൂർ എന്നിവിടങ്ങളിലെ വെയിറ്റിംഗ് ഷെഡുകളിലെ ഇരിപ്പിടങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പള്ളിമുക്കിലെ വെയിറ്റിംഗ് ഷെഡിനാകട്ടെ മേൽക്കൂരയുമില്ല.
രോഗികളും വൃദ്ധരും ഗർഭിണികളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ ഇരിപ്പിടമില്ലാത്തതിനാൽ ദുരിതത്തിലാണ്.ബസ് വൈകുകയോ മറ്റോ ചെയ്താൽ പെട്ടതുതന്നെ.
സാമൂഹ്യവിരുദ്ധർ വെയിറ്റിംഗ് ഷെഡിലെ ഇരിപ്പിടങ്ങൾ നശിപ്പിക്കുന്നതായും പരാതിയുണ്ട്.കാത്തിരിപ്പുകേന്ദ്രങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യവുമുണ്ടെന്ന് പരാതിയുണ്ട്. വെയിറ്റിംഗ് ഷെഡുകൾ നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ക്യാപ്ഷൻ: കേശവദാസപുരം ബസ് വെയിറ്റിംഗ് ഷെഡിലെ ഇരിപ്പിടം