
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് മരണത്തിന് കീഴടങ്ങിയ സെക്രട്ടേറിയറ്റ് ജീവനക്കാരന്റെ അവയവങ്ങൾ ആറുപേർക്ക് ദാനം ചെയ്തു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സജീവാംഗവും ഭക്ഷ്യപൊതു വിതരണ (ബി)വകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ പേട്ട സ്വദേശി എസ്.പാർത്ഥസാരഥിയുടെ കരൾ,വൃക്കകൾ,നേത്രപടലം, ഹൃദയ വാൽവ് എന്നിവയാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിക്കും മറ്റൊരു വൃക്ക ഗവ. മെഡിക്കൽ കോളേജിനും നൽകി. നേത്രപടലം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്‌താൽമോളജിക്കും ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിക്കുമാണ് കൈമാറിയത്. ഈമാസം രണ്ടിനാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് പാർത്ഥസാരഥിയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 7ന് രാവിലെ 9ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.തുടർന്നാണ് ബന്ധുക്കൾ അവയവദാനത്തിന് ആഗ്രഹം പ്രകടിപ്പിച്ചത്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ വഴി അവയവ സ്വീകർത്താക്കളെയും കണ്ടെത്തി. അവയവങ്ങൾ ദാനംചെയ്യാൻ തയ്യാറായ പാർത്ഥസാരഥിയുടെ ബന്ധുക്കളെ മന്ത്രി വീണാജോർജ് ആദരാഞ്ജലികളറിയിച്ചു. ജീവിതത്തിലൂടെ അനേകം പേർക്ക് തണലേകിയ പാർത്ഥസാരഥി ഇനി ആറ് പേർക്കാണ് വെളിച്ചമാകുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.