തിരുവനന്തപുരം: ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ഗ്യാലറികളിലെ മേൽക്കൂരയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു മെഗാവാട്ട് സൗരോർജ പാനൽ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയത്തിന്റെ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി പദ്ധതിയിലൂടെ ഉത്പാദിപ്പിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിച്ചംവരുന്ന വൈദ്യുതി വില്പന നടത്തി ആറുവർഷത്തിനുള്ളിൽ മുടക്കുമുതൽ തിരിച്ചുപിടിക്കും. പദ്ധതിയിലൂടെ 22 വർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനാവും. പാരമ്പര്യേതര ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി സംസ്ഥാനത്ത് നിരവധി പദ്ധതികൾ നടത്തിവരുന്നുണ്ട്. 4,000 മുതൽ 6,000 വരെ യൂണിറ്റ് വൈദ്യുതി ലഭിക്കുന്ന പദ്ധതിയാണ് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലേത്. ഏഴു കോടി മുതൽമുടക്കിൽ 2020ലാണ് പദ്ധതി ആരംഭിച്ചത്. സോളാർ പാനലുകൾ സ്ഥാപിച്ചതോടെ ഗാലറികൾക്ക് മേൽക്കൂരയുമായി. നാലു പതിറ്റാണ്ടു മുമ്പ് നിർമ്മിച്ച സ്റ്റേഡിയത്തിന് താഴെയുള്ള ഓഫീസുകളിൽ മഴക്കാലത്ത് വെള്ളമിറങ്ങിയിരുന്നു. തുടർന്നാണ് മേൽക്കൂര നിർമ്മിക്കാൻ തീരുമാനിച്ചതെന്നും പിന്നീടാണ് സൗരോർജ പാനലുകളെക്കുറിച്ച് ആലോചിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജരും സംസ്ഥാന മേധാവിയുമായ ഗീതിക വർമ്മ, ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാം, കേരള പൊലീസ് സ്‌പോർട്സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റി സെക്രട്ടറി ഐ.ജി ഹർഷിത അട്ടല്ലൂരി തുടങ്ങിയവർ സംസാരിച്ചു.