ramoji-rau

അർപ്പണബോധവും കഠിനാദ്ധ്വാനവും ഒരു മനുഷ്യനെ എവിടെ കൊണ്ടെത്തിക്കുമെന്നതിന് എന്നെന്നും പ്രചോദനമേകുന്ന ഉദാഹരണമാണ് ഇന്നലെ അന്തരിച്ച പ്രശസ്‌ത ചലച്ചിത്ര നിർമ്മാതാവും മാദ്ധ്യമസ്ഥാപനങ്ങളുടെ ഉടമയുമായ റാമോജി റാവു. റാമോജി ഫിലിം സിറ്റി എന്ന ഒറ്റ പ്രസ‌്‌ഥാനം മതി അദ്ദേഹത്തെ എന്നെന്നും ഓർമ്മിക്കാൻ. മലയാളമടക്കം ഇന്ത്യയിലെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് സിനിമകളാണ് റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരിച്ചിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര സ്‌റ്റുഡിയോ എന്ന നിലയിൽ ഗിന്നസ് റെക്കാർഡും കരസ്ഥമാക്കി. അസാദ്ധ്യമായി ഒന്നുമില്ല എന്ന ആത്‌മവിശ്വാസമായിരുന്നു റാമോജി റാവുവിന്റെ തത്വശാസ്‌ത്രം.

ആന്‌ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ പെഡപരുപ്പുടിയെന്ന ഗ്രാമത്തിൽ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച റാമോജി റാവുവിന്റെ ജൈത്രയാത്ര അനുകരണീയമാണ്. വ്യവസായം, സിനിമ, മാദ്ധ്യമ രംഗം തുടങ്ങി വിവിധ മേഖലകളിൽ തന്റെ വ്യക്‌തിമുദ്ര പതിപ്പിച്ച് തൊട്ടതെല്ലാം പൊന്നാക്കിയ അതികായനായിരുന്നു റാമോജി റാവു. ആന്ധ്രയിൽ പ്രചാരമുള്ള ഈനാട് പത്രം, ഇ.ടി.വി നെറ്റ്‌‌വർക്ക്, രമാദേവി പബ്ളിക് സ്‌കൂൾ, പ്രിയ പിക്കിൾസ്, ഉഷാകിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷൻ, മാർഗദർശി ചിറ്റ് ഫണ്ട്‌സ്, ഡോൾഫിൻ ഹോട്ടൽ ശൃംഖല എന്നിങ്ങനെ ഒരേ സമയം വൈവിദ്ധ്യമാർന്ന സംരംഭങ്ങൾ ആരംഭിക്കുകയും അവ വിജയിപ്പിക്കുകയും ചെയ്‌തു. മാദ്ധ്യമ ഉടമ എന്ന നിലയിൽ ആന്‌ധ്രാ രാഷ്ട്രീയത്തിൽ ഒരുകാലത്ത് നിർണായക സ്വാധീനം പുലർത്തി. മന്ത്രിസഭാ രൂപീകരണ വേളകളിൽ റാമോജി റാവുവിന്റെ അഭിപ്രായം തേടിയിരുന്ന രാഷ്ട്രീയ നേതാക്കൾ ഏറെയായിരുന്നു.

ഉഷാകിരൺ മൂവിസ് നിർമ്മിച്ച സിനിമകളിൽ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു കൃത്രിമ കാൽ വച്ച് നൃത്തം ചെയ്‌ത മലയാളി നർത്തകി സുധാചന്ദ്രനെ നായികയാക്കി അവതരിപ്പിച്ച 'മയൂരി." മലയാളമടക്കം വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്‌ത ആ ചിത്രം ഇന്ത്യയാകെ സൂപ്പർഹിറ്റായി ഓടി. റാമോജി ഫിലിം സിറ്റി എന്ന ആശയം ഹോളിവുഡിലെ യൂണിവേഴ്‌സൽ സ്‌റ്റുഡിയോ മാതൃകയാക്കി ചെയ്‌‌തതായിരുന്നു. രണ്ടായിരം ഏക്കറോളം ഭൂമിയിൽ,​ ഒരു സിനിമ നിർമ്മാണം പൂർത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളോടെയും 1996-ൽ ആരംഭിച്ച റാമോജി ഫിലിം സിറ്റിയിൽ അനവധി മലയാള ചിത്രങ്ങളും ബാഹുബലിയടക്കം ബ്രഹ്മാണ്ഡ സിനിമകളും ചിത്രീകരിച്ചിട്ടുണ്ട്.

കൗതുകങ്ങളുടെ വിസ്‌മയം പകരുന്ന ഫിലിം സിറ്റി ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലം കൂടിയാണ്. റാമോജി ഫിലിം സിറ്റി കാണാൻ ഓരോ വർഷവും ലക്ഷങ്ങളാണ് എത്തുന്നത്. ഉഷാകിരൺ മൂവീസിന്റെ ബാനറിൽ നിരവധി സൂപ്പർ ഹിറ്റുകൾ നിർമ്മിച്ചു. ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മറാത്തി, ബംഗാളി എന്നീ ഭാഷകളിലായി എൺപതോളം ചിത്രങ്ങൾ നിർമ്മിച്ചു. മലയാളത്തിൽ 'പകരത്തിനു പകരം" എന്നൊരു ചിത്രവും നിർമ്മിച്ചു. മികച്ച നിർമ്മാതാവിനുള്ള ദേശീയ പുരസ്‌‌ക്കാരം നേടി. 2016ൽ രാജ്യം പത്‌മ‌വിഭൂഷൺ ബഹുമതി നൽകി ആദരിച്ചു. 'കേരളകൗമുദി"യുമായി ഊഷ്‌മള ബന്ധം പുലർത്തിയിരുന്നു. കൗമുദി ടിവി ആരംഭിച്ചപ്പോൾ റാമോജി ഫിലിം സിറ്റിയുടെ പ്രത്യേകതകൾ ചിത്രീകരിച്ച് പ്രോഗ്രാം ചെയ്‌തിരുന്നു. മഹാപ്രതിഭാശാലിയായിരുന്ന റാമോജി റാവുവിന്റെ ഓർമ്മകൾക്കു മുന്നിൽ ഞങ്ങൾ പ്രണാമം അർപ്പിക്കുന്നു.