kwa

തിരുവനന്തപുരം: ജല അതോറിട്ടിയെയും ഉപയോക്താക്കളെയും വെള്ളം കുടിപ്പിക്കുന്ന ഇ- അബാക്കസ് എന്ന ബില്ലിംഗ് സോഫ്‌റ്റ്‌വെയർ ഉപേക്ഷിക്കുന്നു. പകരം ഉത്തർപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് പുതിയ സോഫ്‌റ്റ്‌‌വെയർ വാങ്ങാൻ കരാർ നൽകും. ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്.

ഇ- അബാക്കസ് അടിക്കടി പണിമുടക്കുന്നതിനാൽ ഉപയോക്താക്കൾ ബില്ലടയ്ക്കാൻ ക്യാഷ് കൗണ്ടറുകളിൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട സ്ഥിതിയാണ്.

2002ൽ നാഷണൽ ഇൻഫ‍ർമാറ്റിക്സ് സെന്ററിന്റെ (എൻ.ഐ.സി) മേൽനോട്ടത്തിലാണ് ഇ - അബാക്കസ് സോഫ്‌റ്റ്‌വെയർ തയ്യാറാക്കിയത്. 2013ൽ സംസ്ഥാനത്തെ എല്ലാ ഓഫീസുകളെയും ഇതുമായി ബന്ധിപ്പിച്ചു. 42 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ അബാക്കസിലാണ് രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ 50 ലക്ഷംപേരുണ്ട്. ജലജീവൻ മിഷൻ പദ്ധതി പൂർത്തിയാകുന്നതോടെ ഉപയോക്താക്കളുടെ എണ്ണം 70 ലക്ഷമാകും. ഇത്രയും വിവരങ്ങൾ താങ്ങാൻ അബാക്കസിന് ശേഷിയില്ല.

ഏഴ് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. സാങ്കേതിക പരിശോധനയിൽ വിജയിച്ച നാലു കമ്പനികൾ അന്തിമപട്ടികയിലെത്തി. ഇതിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത് യു.പിയിലെ കമ്പനിയാണ്. ജലജീവൻ മിഷന്റെ ഗ്രാന്റിൽ നിന്നാണ് ഇവർക്ക് തുക നൽകുക. മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സോഫ്ട് വെയറുകളിൽ മാറ്റമില്ല.