തിരുവനന്തപുരം: പേട്ട - മുത്താരമ്മൻ കോവിൽ റോഡിനിരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.കെ.ബാലകൃഷ്ണൻ പാർക്കിൽ നിന്ന് മുത്താരമ്മൻ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ ഒരുവശത്തു മാത്രമായിരുന്നു മുൻപ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. എന്നാൽ വളരെ ഇടുങ്ങിയ ഈ റോഡിന് ഇരുവശത്തും ഇപ്പോൾ കാറും ഇരുചക്രവാഹനങ്ങളും അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. സ്കൂൾ-ഓഫീസ് സമയങ്ങളിൽ ഇരുവശത്തും വാഹനം പാർക്ക് ചെയ്യുന്നതോടെ ഒരു വാഹനം കടന്നുപോകാൻ ഏറെ സമയമെടുക്കുന്നു. മറ്റ് സ്ഥലങ്ങളിലുള്ളവർപോലും ഇവിടെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ദിവസങ്ങളോളം വാഹനം പരിസരത്ത് ഇട്ടിട്ടുപോകുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങളും പൊലീസ് ഇവിടെയാണ് കൊണ്ടിടുന്നത്.സിവിൽ സ്റ്റേഷൻ,സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ ജീവനക്കാരെല്ലാം രാവിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ സെൻട്രൽ സ്റ്റേഷന് പകരം പേട്ട സ്റ്റേഷനിലാണിറങ്ങുന്നത്. ഇതിൽ പലരും പോകാനുള്ള എളുപ്പത്തിന് ഈ റോഡിന് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന സ്കൂൾ ബസും ഓഫീസ് ജീവനക്കാരുടെ സ്വകാര്യ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകേണ്ടത്. മുൻപ് പേട്ട ബാലകൃഷ്ണൻ മെമ്മോറിയൽ പാർക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്നപ്പോൾ ഇത്രയും പ്രശ്നമുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
എളുപ്പവഴി
വഞ്ചിയൂർ കോടതി,കിഴക്കേകോട്ട തുടങ്ങിയ പ്രദേശങ്ങളെ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന റോഡാണിത്.അമ്പലത്തുമുക്കിൽ നിന്ന് പേട്ടയിലെ പ്രധാന റോഡിലേക്ക് കയറാനുള്ള എളുപ്പമാർഗം കൂടിയാണ് ഈ ഇടറോഡ്. സമയലാഭത്തിനായി ഈ റോഡ് തിരഞ്ഞെടുക്കുന്നവർക്ക് ഇപ്പോൾ ഗതാഗതക്കുരുക്കിൽ സമയം നഷ്ടമാകുകയാണ്.
അടിയന്തരമായി ആശുപത്രിയിലെത്തേണ്ട രോഗികളും ആംബുലൻസുകളും ഇരുവശത്തുമുള്ള വാഹന പാർക്കിംഗിൽ വലയുകയാണ്.
ബിജു മൂലയിൽ, കൗമുദി റസിഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി