
റാമോജി റാവു യാത്രയാകുമ്പോൾ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യ സംഭാവന കൂടി സ്മരിക്കപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായി ഗിന്നസ് റെക്കോഡും സ്വന്തമാക്കി റാമോജി ഫിലിം സിറ്റി തല ഉയർത്തി നിൽക്കുന്നു.
1983ൽ റാമോജി റാവു സ്ഥാപിച്ച ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാ കിരൺ മൂവീസിന്റെ ബാനറിൽ നിരവധി സൂപ്പർ ഹിറ്റുകൾ പിറന്നപ്പോഴാണ് ഫിലിം സിറ്റി എന്ന ആഗ്രഹം റാമോജി റാവുവിന്റെ മനസ്സിൽ ഉദിക്കുന്നത്. ഹോളിവുഡിലെ യൂണിവേഴ്സൽ സ്റ്രുഡിയോ റാമോജി റാവുവിന് പ്രചോദനമാകുകയും ചെയ്തു. 1990ൽ ഫിലിം സിറ്രിയുടെ പ്രാഥമിക ജോലികൾ ആരംഭിച്ചു.
1996ൽ ഹൈദരാബാദ് വിജയവാഡയിലെ ഹയാത് നഗറിൽ ഫിലിം സിറ്റി തുറന്നു. 2000 ഏക്കർ ഭൂമിയിൽ പടർന്നു പന്തലിച്ച ഫിലിം സിറ്റിയിൽ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ചിത്രങ്ങളാണ് പിറന്നത്.
സിനിമ മാത്രമല്ല വിനോദ സഞ്ചാരികൾക്കും ഫിലിം സിറ്റി പ്രിയ ഇടമായി മാറിയതാണ് പിൽക്കാല കാഴ്ച. കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സായിരുന്നു റാവുവിന്റെ കരുത്ത്. അത് തകർക്കാൻ ആർക്കും കഴിയില്ല. ഒപ്പം നിശ്ചയദാർഢ്യവും ആത്മ വിശ്വാസവും. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡരുപ്പിടിയിലെ കർഷക കുടുംബത്തിലായിരുന്നു ജനനം. വ്യവസായ രംഗത്തും സിനിമാ രംഗത്തും മാത്രമല്ല മാദ്ധ്യമ - വിദ്യാഭ്യാസ രംഗത്തുമെല്ലാം വിജയ കൊടി പാറിച്ചു. ഉഷാ കിരൺ മൂവീസിന്റെ ബാനറിൽ നിരവധി സൂപ്പർ ഹിറ്റു ചിത്രങ്ങൾ നിർമ്മിച്ചു. 1986-ൽ ടി കൃഷ്ണ സംവിധാനം ചെയ്ത പകരത്തിന് പകരം ആണ് റാവു നിർമ്മിച്ച ഏക മലയാള ചിത്രം. തെലുങ്ക്, ഹിന്ദി, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി എൺപതിലധികം ചിത്രങ്ങൾ നിർമ്മിച്ചു. 2000ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം 'നുവ്വേ കാവാലി' എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.തെലുങ്ക് ചലച്ചിത്ര ലോകത്ത് മാത്രല്ല, രാഷ്ട്രീയത്തിലും നിറ സാന്നിദ്ധ്യം അറിയിച്ചു.കൈവച്ച മേഖലയിലെല്ലാം വിജയക്കൊടി.