cpm

തിരുവനന്തപുരം:എൽ.ഡി.എഫ് വിജയിക്കുന്ന രണ്ടാമത്തെ രാജ്യസഭ സീറ്റിനെച്ചൊല്ലിയുള്ള തർക്കം തീർക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണിയും സീറ്റു വേണമെന്ന നിലപാടിൽ ഉറച്ചുനിന്നു

സീറ്റ് വിഭജനം കൂടി അജണ്ടയാക്കി നാളെ ഇടതുമുന്നണി യോഗം ചേരുന്നതിനാൽ സീറ്റ് ആർക്ക് നൽകണമെന്ന് സി.പി.എം നേതൃത്വം ഇന്ന് തീരുമാനിച്ചേക്കും. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത പരാജയമുണ്ടായ സാഹചര്യത്തിൽ കേരള കോൺഗ്രസ് എമ്മിനെ പിണക്കുന്നത് ഉചിതമാകില്ലെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം . എം.വി ഗോവിന്ദൻ ഇക്കാര്യം ബിനോയ് വിശ്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

സി.പി.ഐയ്ക്കു കേരളത്തിൽ നിന്നു ലോക്‌സഭ എം.പിമാരില്ലത്ത സാഹചര്യത്തിൽ രാജ്യസഭ സീറ്റ് വേണമെന്ന പാർട്ടിയുടെ കർക്കശ നിലപാട് ബിനോയ് വിശ്വം വിശദീകരിച്ചു. സി.പി.ഐ കേന്ദ്രനേതൃത്വം വഴി സംസ്ഥാന നേതൃത്വത്തെ അനുനയിപ്പിക്കാനും സി.പി.എം ശ്രമിക്കുന്നുണ്ട്. സീറ്റ് കിട്ടാതെപോയാൽ

സി.പി.ഐയിൽ പൊട്ടിത്തെറിയുണ്ടായേക്കും. കേന്ദ്രനേതൃത്വം ഇടപെട്ടാൽ അദ്ദേഹത്തിന് വഴങ്ങേണ്ടിയും വരും.

`ആശയപരമായ ചർച്ച പൂർത്തിയായി. പാർട്ടിക്ക് അർഹമായ സീറ്റ് കിട്ടിയേ മതിയാകൂ.കേരള കോൺഗ്രസിന്റെ കാര്യം അറിയില്ല.'

-ബിനോയ് വിശ്വം



`എൽ.ഡി.എഫിൽ ധാരണയുണ്ടാകും. ജയ പരാജയങ്ങൾക്കനുസരിച്ച് മുന്നണി മാറാൻ കഴിയില്ല. മറ്റേതെങ്കിലും പദവി നൽകാമെന്ന് പറഞ്ഞിട്ടില്ല. സ്വീകരിക്കാൻ തയ്യാറുമല്ല. ബി.ജെ.പി ഓഫറിനെക്കുറിച്ച് അറിയില്ല.'

-ജോസ്.കെ.മാണി