വർക്കല: ബലിമണ്ഡപത്തിനു സമീപം കുന്നിടിഞ്ഞതുമൂലമുള്ള അപകടസാഹചര്യം വിലയിരുത്തി തുടർനടപടികളുടെ ഭാഗമായി പാപനാശം കുന്നുകൾ ഇടിച്ച് സ്ലോപ്പാക്കി ഷേപ്പ് വരുത്തുന്നതിനുള്ള ജോലികൾ കഴിഞ്ഞദിവസം ആരംഭിച്ചു. ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി സ്ഥലം സന്ദർശിച്ചശേഷം അതിവേഗ റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാരോട് ആവശ്യപ്പെട്ടിരുന്നു.
ടൂറിസം ഡിപ്പാർട്ട്മെന്റ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ സംയുക്ത നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള തഹസിൽദാരുടെയും സീനിയർ ജിയോളജിസ്റ്റിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 36 ഡിഗ്രി ചരിവിൽ വെർട്ടിക്കലായി കുന്ന് ഇടിക്കാൻ ജില്ലാകളക്ടർ ഉത്തരവിറക്കി.ഇതിന്റെ അടിസ്ഥാനത്തിൽ കുന്നിൻമുകളിൽ അപകടാവസ്ഥയിലുള്ള തെങ്ങുകളും വൃക്ഷങ്ങളും കഴിഞ്ഞദിവസം നീക്കം ചെയ്തു.
8 മീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലും 3 മീറ്റർ താഴ്ചയിലുമായി 108 മെട്രിക് ക്യൂബ് മണ്ണ് നീക്കംചെയ്ത് കുന്നിന്റെ ഉയരം കുറയ്ക്കുന്ന നടപടികൾ ദിവസങ്ങൾക്കകം പൂർത്തിയാക്കാനും കളക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്. വർക്കല നഗരസഭ സെക്രട്ടറി,മുനിസിപ്പൽ എൻജിനിയർ,വില്ലേജ് ഓഫീസർ എന്നിവർ പ്രവൃത്തികൾ നടപ്പിലാക്കുന്നതിന് തഹസിൽദാരുടെ മേൽനോട്ടത്തിൽ ക്രമീകരണം ഏർപ്പെടുത്തുകയും ശേഷം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും വേണം. എന്നാൽ സംരക്ഷിക്കപ്പെടേണ്ട പാപനാശം കുന്നുകൾ ക്രമാതീതമായി ഇടിച്ചു നിരത്തുകയാണ് സർക്കാർ നടപടികളിലൂടെ സംഭവിക്കുന്നതെന്ന് പ്രകൃതിസ്‌നേഹികൾ പറയുന്നു. ബലിമണ്ഡപത്തിൽ വരുന്നവരുടെ സുരക്ഷയ്ക്ക് കുന്നിടിക്കാൻ ഉത്തരവിട്ടത് ഉദ്യോഗസ്ഥതലത്തിൽ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ആക്ഷേപമുണ്ട്.