തിരുവനന്തപുരം: മരാമത്ത് പണികൾക്കിടെ സ്മാർട്ട് സിറ്റി ഡെവലപ്മെന്റ് അതോറിട്ടി പൊട്ടിച്ചത് മൂന്ന് കുടിവെള്ള പൈപ്പ് ലൈനുകൾ. ഇതോടെ കുടിവെള്ളം മുട്ടിയത് പുളിമൂട് റസിഡന്റ്സ് അസോസിയേഷിന് കീഴിലെ 130 കുടുംബങ്ങളിലെ 600 ഓളം പേർക്കാണ്.കുടിക്കാനും കുളിക്കാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും വെള്ളമില്ലാതെ കഷ്ടത്തിലായിട്ടും പരിഹാരം കാണാൻ സ്മാർട്ട് സിറ്റിയുമില്ല, ജലഅതോറിട്ടിയുമില്ല. എന്തിനേറെ പറയുന്നു വഞ്ചിയൂർ വാർഡ് കൗൺസിലറും അനങ്ങുന്നില്ല.
ഏതാണ്ട് ഒരു മാസത്തോളമായി പുളിമൂട് റസിഡന്റ്സ് അസോസിയേഷന് കീഴിലുള്ള കുടുംബങ്ങൾ നരകയാതന അനുഭവിക്കാൻ തുടങ്ങിയിട്ട്.പൊട്ടിയതിന്റെ അന്നുമുതൽ പരാതിയുമായി വാട്ടർ അതോറിട്ടിയുടെയും വഞ്ചിയൂർ വാർഡ് കൗൺസിലറുടെയടുക്കൽ കയറിയിറങ്ങുകയാണിവർ. ഇന്ന് ശരിയാക്കാം,നാളെ ശരിയാക്കാൻ എന്ന പതിവ് പല്ലവി മാത്രമാണ് മറുപടി. ഇപ്പോൾ നിത്യേനയുള്ള ആവശ്യങ്ങൾക്കായി ടാങ്കറിൽ വെള്ളം എത്തിക്കുകയാണ്. എന്നാലിത് പര്യാപ്തമല്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
സ്റ്റാച്യുവിൽ നിന്ന് ജനറൽ ആശുപത്രി റോഡിലേക്കുള്ള മരാമത്ത് പണിക്കിടെയാണ് സ്മാർട്ട് സിറ്റി അധികൃതർ ജി.പി.ഒ ലെയിനിലേക്കുള്ള മൂന്ന് കുടിവെള്ള പൈപ്പുകൾ കേടുവരുത്തിയത്.ഏപ്രിൽ മുതൽ ഇവിടെ വെള്ളം ലീക്ക് ചെയ്യുന്നുണ്ട്.ഈ ഭാഗത്ത് റോഡ് ടാർ ചെയ്തിട്ട് രണ്ടുമാസമേ ആയുള്ളൂ. അതിനിടെയാണ് ലീക്ക് കണ്ടെത്തിയത്. ഇതിൽ ഒരെണ്ണം പരിഹരിച്ചു. മറ്റുള്ളവ പരിഹരിച്ചിട്ടില്ല. പുതിയ റോഡായതിനാൽ ജല അതോറിട്ടിക്ക് വെട്ടിപ്പൊളിക്കാനാവില്ല. സ്മാർട്ട് സിറ്റി അധികൃതർ റോഡ് പൊളിച്ച് ചെയ്യാമെന്ന് ഉറപ്പ് നൽകിയതാണെന്നും ജലഅതോറിട്ടി പാറ്റൂർ സെക്ഷൻ അധികൃതർ പറഞ്ഞു.