
നഗരഹൃദയം വെള്ളപ്പൊക്ക ഭീതിയിൽ
നെടുമങ്ങാട്: ഒരുകാലത്ത് വയലേലകൾകൊണ്ട് സമ്പന്നമായിരുന്ന നെടുമങ്ങാട് നഗരസഭ പ്രദേശം ഇപ്പോൾ ഒരു ചാറ്റൽമഴ പെയ്താൽ മതി വെള്ളക്കെട്ടിലാകും. ഇക്കഴിഞ്ഞ വേനൽമഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിൽ അമർന്നു. നിരവധി വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. കാലവർഷം കനക്കുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാവുമെന്ന ആശങ്കയിലാണ് ജനങ്ങൾ. കിള്ളിയാറിന്റെ കൈവഴികളിലൊന്നായ കാക്കത്തോട് ഈ ജലസ്രോതസ് അകാലമൃത്യുവിന്റെ വക്കിലാണ്. നഗരസഭ കാര്യാലയത്തിനും കോയിക്കൽ കൊട്ടാരത്തിനും പിറകുവശത്തുകൂടി ഒഴുകിയിരുന്ന തോട് കൈയറ്റക്കാരുടെ പിടിയിലായിട്ട് നാളേറെയായി. വലിയമല ഐ.എസ്.ആർ.ഒ മേഖലയുടെ അടിവാരത്ത് ഉറവപൊട്ടി കരിപ്പൂര് ഏലാ താണ്ടി കുളവിക്കോണം, കല്ലിംഗൽ വഴി പഴകുറ്റിയിൽ വച്ച് കിള്ളിയാറിൽ ചേരുന്ന കാക്കത്തോട് പലഭാഗത്തും ഒഴുകിപ്പോകാൻ നന്നേ പ്രയാസപ്പെടുന്നുണ്ട്. ആര്യനാട് റോഡിൽ ഇപ്പോഴത്തെ കുട്ടികളുടെ കൊട്ടാരം സ്ഥിതിചെയ്യുന്ന ചിറയിൽ നിന്നും പുറപ്പെടുന്ന നീരൊഴുക്കിന്റെ അവസ്ഥ ഇതിനേക്കാൾ ദയനീയമാണ്. ഇരുവശങ്ങളും കെട്ടിയടച്ച് ഒരു ഓട പരുവത്തിലാണ് ഈ നീരൊഴുക്ക്. മുക്കോലയ്ക്കൽ ഗുരുമന്ദിരത്തിന്റെ ചെരുവിൽ നിന്നുള്ള വെള്ളവും ഈ ഓടയിൽ ഒഴുകിയെത്തും. കുളവിക്കോണത്ത് ഒരു നഴ്‌സറിയുടെ പിറകുവശത്ത് ഓട പൂർണമായി കോൺക്രീറ്റ് ചുമര് കെട്ടി അടച്ചിരിക്കുകയാണിപ്പോൾ. വേനൽമഴയിൽ വെള്ളം ഒഴുകിപ്പോകാതെ ഇവിടെ, സ്വകാര്യ ആശുപത്രിയും വീടുകളും വെള്ളക്കെട്ടിലമർന്നത് കഴിഞ്ഞ ദിവസമാണ്.
വെള്ളപ്പൊക്കഭീതി പരത്തുന്ന തോടുകൾ
പൂവത്തൂർ - ചിറക്കാണി, വാണ്ട - ചരുവള്ളിക്കോണം, പടവള്ളിക്കോണം, പറണ്ടോട് - തെക്കുംകര, ഇരിഞ്ചയം പടിക്കെട്ട്, ചെല്ലാംകോട് ഭാഗങ്ങളിലെ തോടുകൾ
കൃഷി നിലനിന്ന കാലത്ത് നല്ല വിസ്തൃതിയിൽ ഒഴുകിയിരുന്ന തോടുകൾ ഇന്ന് ശോഷിച്ച് വെറും കൈത്തോടുകളായി മാറി. മുമ്പ് ഒഴുകിയെത്തിയ അതേ തോതിൽത്തന്നെ വെള്ളം ഇപ്പോഴും എത്താറുണ്ട്. എന്നാൽ, ഈ വെള്ളം ഒഴുകാനുള്ള ശേഷി ഇപ്പോൾ തോടുകൾക്കില്ല.
മൈനർ ഇറിഗേഷൻ 'ഔട്ട് "
നേരത്തെ മൈനർ ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു നഗരഹൃദയത്തിലെ തോടുകളും ഓടകളും. കൃത്യമായ ഇടവേളകളിൽ പുനരുദ്ധരിച്ച് നീരൊഴുക്ക് സുഗമമാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരുന്നു. തരം മാറ്റത്തിന്റെ മറവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വ്യാപകമായി പെർമിറ്റുകൾ നൽകിത്തുടങ്ങിയതോടെ മൈനർ ഇറിഗേഷൻ വകുപ്പ് ഔട്ടായി. നഗരസഭ സെക്രട്ടറി, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, വാർഡ് കൗൺസിലർ എന്നിവരുടെ കോർട്ടിലാണ് ഇപ്പോൾ കാര്യങ്ങൾ. ചോദിക്കാനും പറയാനും ആരുമില്ലെന്ന ആക്ഷേപം ശക്തമാണ്. മണ്ണിട്ടു നികത്തിയും കോൺക്രീറ്റ് ഭിത്തികൾ സ്ഥാപിച്ചും തടസപ്പെടുത്തിയ നീരൊഴുക്കുകൾ പുനഃരുദ്ധരിക്കണമെന്ന ആവശ്യത്തിന് അധികൃതർ ചെവികൊടുക്കുന്നില്ലെന്നാണ് പരാതി.